ശ്രീഹരിക്കോട്ട– രാജ്യത്തെ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് ആദ്യ സ്വകാര്യ ഓർബിറ്റൽ ക്ലാസ് റോക്കറ്റായ വിക്രം 1 വിജയകരമായി വിക്ഷേപിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രമുഖ സ്പേസ്-ടെക് സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയറോസ്പേസ് വികസിപ്പിച്ച റോക്കറ്റ്, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം ലോഞ്ച് പാഡിൽ നിന്നാണ് ഉച്ചയ്ക്ക് 12:05-ന് കുതിച്ചുയർന്നത്. ഇൻസ്പേസിന്റെ പൂർണ്ണ പിന്തുണയോടെയായിരുന്നു ഈ ചരിത്ര ദൗത്യം. ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പാണ് ഈ വിജയത്തിലൂടെ രാജ്യം കൈവരിച്ചിരിക്കുന്നത്.
മിഷൻ ആഗമൻ എന്ന് പേരിട്ടിരുന്ന ഈ ദൗത്യത്തിന്റെ വിക്ഷേപണത്തിന് തൊട്ടുമുൻപ് ചെറിയ തോതിൽ നാടകീയത ഉടലെടുത്തിരുന്നു. ശനിയാഴ്ച രാവിലെ 11:30-നായിരുന്നു റോക്കറ്റ് വിക്ഷേപിക്കേണ്ടിയിരുന്നത്. എന്നാൽ വിക്ഷേപണത്തിന് കൃത്യം 5 മിനിട്ട് ബാക്കിയുള്ളപ്പോൾ അന്തിമഘട്ടത്തിൽ കൗണ്ട്ഡൗൺ നിർത്തിവെക്കുകയായിരുന്നു. സാങ്കേതികമായ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കൗണ്ട്ഡൗൺ നിർത്തിയതെന്നായിരുന്നു സ്കൈറൂട്ടിന്റെ വിശദീകരണം. തുടർന്ന് തടസ്സങ്ങൾ വേഗത്തിൽ പരിഹരിച്ച് 12:05-ഓടെ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു.
പൂർണ്ണമായി ഘര ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളും, അവസാനമായി ഒരു ദ്രാവക ഇന്ധന ഓർബിറ്റൽ അഡ്ജസ്റ്റ്മെന്റ് മോഡ്യൂളും അടങ്ങുന്നതാണ് വിക്രം 1 റോക്കറ്റ്. 12 മീറ്റർ നീളവും 24 ടൺ ഭാരവുമുള്ള ഈ റോക്കറ്റിന്, ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് (ലോ എർത്ത് ഓർബിറ്റ്) 350 കിലോഗ്രാം വരെയുള്ള പേ ലോഡുകൾ എത്തിക്കാൻ ശേഷിയുണ്ട്. ആദ്യ പരീക്ഷണ ദൗത്യമായതിനാൽ വലിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ അയച്ചിരുന്നില്ല. ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്താൻ ലക്ഷ്യമിട്ട ഈ ദൗത്യം വെറും 15 മിനുട്ടും 46 സെക്കൻഡും കൊണ്ടാണ് പൂർത്തിയായത്.
നാല് പ്രധാന പേ ലോഡുകളാണ് ഈ ദൗത്യത്തിൽ ഉണ്ടായിരുന്നത്. ബെംഗളൂരു ആസ്ഥാനമായ ഗ്രഹാ സ്പേസിന്റെ സോളാരസ് എസ് ത്രീ, കോസ്മോസെർവ് സ്പേസ് വികസിപ്പിച്ച എംബ്രേസ് എന്ന ബഹിരാകാശ റോബോട്ടിക് കൈ, സ്കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ് സാറ്റ് എന്നിവ ഇതിൽ പ്രധാനികളാണ്. കൂടാതെ ജർമ്മൻ കമ്പനിയായ ഡിക്യൂബ്ഡ് സ്പേസിന്റെ ചെറു സാങ്കേതിക വിദ്യ പരീക്ഷണവും ഇതിലൂടെ നടന്നു. ഇവയ്ക്ക് പുറമേ, ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായ്, സി.വി. രാമൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ ഒരു അരിമണിയേക്കാൾ ചെറിയ പ്രതിമകളും ശാസ്ത്രലോകത്തോടുള്ള ആദരസൂചകമായി ഈ റോക്കറ്റിൽ ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ലാബ് നിർമ്മിത ഡൈമണ്ട് ആഭരണവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടക്കമുള്ള പ്രമുഖരുടെ ആശംസ കാർഡുകളും റോക്കറ്റിനുള്ളിൽ ഉൾക്കൊള്ളിച്ചിരുന്നു.
ഐഎസ്ആർഒയിൽ നിന്ന് രാജിവെച്ച പവൻ കെ. ചന്ദനയും ഭരത് ഡാക്കയും ചേർന്ന് 2018-ലാണ് സ്കൈറൂട്ട് എയറോസ്പേസ് സ്ഥാപിക്കുന്നത്. മുൻപ് 2022 നവംബർ 18-ന് ‘മിഷൻ പ്രാരംഭ്’ എന്ന ദൗത്യത്തിലൂടെ വിക്രം എസ് എന്ന ചെറു റോക്കറ്റ് വിക്ഷേപിച്ച് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നുവെങ്കിലും അതൊരു സബ് ഓർബിറ്റൽ ദൗത്യം മാത്രമായിരുന്നു. എന്നാൽ ഇപ്പോളിതാ വിക്രം 1 ദൗത്യം പൂർണ്ണമായി വിജയത്തിലെത്തിയതോടെ, ഐഎസ്ആർഒയ്ക്ക് പുറത്ത് സ്വന്തമായി ഉപഗ്രഹ വിക്ഷേപണ ശേഷി തെളിയിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ സ്ഥാപനമായി സ്കൈറൂട്ട് മാറി കഴിഞ്ഞു. ഭാവിയിൽ ചെറുകിട ഉപഗ്രഹങ്ങളെ വളരെ കുറഞ്ഞ ചെലവിലും വേഗത്തിലും ഭ്രമണപഥത്തിൽ എത്തിക്കാൻ ഈ വിജയം സഹായിക്കും.



