മനാമ– മതത്തെ പരസ്യമായി അപമാനിക്കുകയും ആചാരങ്ങളെ അപകീർത്തിപ്പെടുത്തുകയും ചെയ്തു’ എന്ന കുറ്റത്തിന് യുവതിക്ക് ലോവർ ക്രിമിനൽ കോടതി ഒരു മാസം തടവ് ശിക്ഷ വിധിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിന് താഴെ ഇവർ എഴുതിയ കമന്റാണ് നിയമനടപടിക്ക് കാരണമായത്. വിഭാഗീയത വളർത്തുന്നതും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്നതുമായ വരികൾ അടങ്ങിയതായിരുന്നു യുവതിയുടെ കമന്റെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇതേത്തുടർന്ന് സൈബർ ക്രൈം ഡയറക്ടറേറ്റ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കമന്റിട്ട അക്കൗണ്ട് യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നും വിവാദമായ കമന്റ് എഴുതിയത് താനാണെന്നും യുവതി സമ്മതിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ക്രിമിനൽ കോടതിക്ക് കൈമാറുകയായിരുന്നു. യുവതിയെ തടവിന് ശിക്ഷിച്ചതിനൊപ്പം, കുറ്റകരമായ കമന്റ് രേഖപ്പെടുത്താൻ അവർ ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.