കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ (AMMA) ഭരണപ്രതിസന്ധിയും നാടകീയ നീക്കങ്ങളും കൂടുതൽ വഷളാകുന്നു. അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി വിലക്കേർപ്പെടുത്തിയതിന് പിന്നാലെ കമ്മിറ്റിയുടെ കൺവീനർ സ്ഥാനം രമേഷ് പിഷാരടി രാജിവെച്ചു. പദവിയിൽ കടിച്ചുതൂങ്ങാൻ താല്പര്യമില്ലെന്നും സംഘടനയെ കോടതി കയറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് പിഷാരടിയുടെ പിന്മാറ്റം. സംഘടനയുടെ മുൻ പ്രസിഡന്റ് ശ്വേത മേനോൻ നൽകിയ ഹർജിയിലാണ് അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതി ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് രമേഷ് പിഷാരടി മാധ്യമങ്ങളെ കണ്ട് രാജി പ്രഖ്യാപിച്ചത്.
‘ലീക്കല്ല, മനഃപൂർവം റിലീസ് ചെയ്തത്’; സുഹൃത്തിനെതിരെ പിഷാരടി
ഭരണപ്രതിസന്ധി പരിഹരിക്കാൻ മുൻ ഭാരവാഹികളുമായി താൻ നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതിൽ വ്യക്തിപരമായി വലിയ വേദനയുണ്ടെന്ന് രമേഷ് പിഷാരടി പറഞ്ഞു. “ശ്വേത മേനോൻ, മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ, അൻസിബ എന്നിവരുമായി മണിക്കൂറുകളോളം ഞാൻ സംസാരിച്ചിരുന്നു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ നടത്തിയ ഒരു സാധാരണ സംഭാഷണമായിരുന്നു അത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന ആ ഓഡിയോ ഒരു ‘ലീക്ക്’ അല്ല, മറിച്ച് മനഃപൂർവം ചെയ്ത ഒരു ‘റിലീസ്’ ആണ്. ഞാൻ ഏറെ വിശ്വസിച്ചിരുന്ന ഒരു സുഹൃത്തിൽ നിന്നാണ് ഇത് സംഭവിച്ചത്. ആ ഓഡിയോ പരിശോധിച്ചാൽ അത് എവിടെ നിന്നാണ് പുറത്തുപോയതെന്ന് ആർക്കും വ്യക്തമാകും,” പിഷാരടി തുറന്നടിച്ചു. ഓഡിയോയിലുള്ള അഴിമതി ആരോപണങ്ങൾ വെറും ആരോപണങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജിയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് പിഷാരടി
സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ വെച്ച് പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചുപോയപ്പോൾ ഉണ്ടായ അനാഥത്വം പരിഹരിക്കാനും ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുമാണ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. ഒരു ഉത്തരവാദിത്തം എന്ന നിലയ്ക്കാണ് താൻ കൺവീനർ സ്ഥാനം ഏറ്റെടുത്തത്. അഡ്ഹോക് കമ്മിറ്റി കൺവീനർ എന്ന നിലയിൽ മീറ്റിംഗുകൾ വിളിക്കാനോ തീരുമാനങ്ങൾ എടുക്കാനോ തനിക്ക് അധികാരമില്ലെന്നാണ് കോടതിയുടെ സ്റ്റേ ഉത്തരവിലുള്ളത്. അതുകൊണ്ട് കോടതി വിധിയെ മാനിച്ച് ധാർമ്മിക ഉത്തരവാദിത്തത്തോടെ പദവി ഒഴുയുകയാണ്. പ്രാഥമിക അംഗത്വത്തിൽ നിന്ന് പോലും രാജി പ്രഖ്യാപിച്ച ഒരാൾക്ക് എങ്ങനെയാണ് പിന്നീട് പ്രസിഡന്റാണെന്ന് പറഞ്ഞ് സ്റ്റേ വാങ്ങാൻ സാധിക്കുകയെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. ഇതിനെതിരെ കോടതിയെ സമീപിക്കാൻ എനിക്ക് നിയമപരമായി സാധിക്കുമെങ്കിലും, കോടതിയിൽ പോയി ഫൈറ്റ് ചെയ്ത് ഈ കസേരയിൽ കടിച്ചുതൂങ്ങാൻ എനിക്ക് ഒട്ടും താല്പര്യമില്ല. ‘അമ്മ’യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് താൻ രാജിവെച്ചിട്ടില്ല. കേവലം ഒരു സാധാരണ അംഗമായി സംഘടനയിൽ തുടരും. സംഘടനയിലെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിച്ച് എല്ലാവരും ഒത്തൊരുമയോടെ പോകുന്ന നല്ല കാലം തിരികെ വരുമെന്നാണ് പ്രതീക്ഷ.
‘അമ്മ’യിൽ ഭിന്നത രൂക്ഷം
അതേസമയം, താരസംഘടനയ്ക്കുള്ളിൽ ചേരിതിരിവും ഭരണപ്രതിസന്ധിയും വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചനകൾ. അഡ്ഹോക് സമിതിക്ക് നിയമസാധുതയില്ലെന്നും തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഇപ്പോഴും തുടരുന്നതെന്നുമാണ് ശ്വേത മേനോന്റെ നിലപാട്. എന്നാൽ ജനറൽ ബോഡിയുടെ പൂർണ്ണ അംഗീകാരത്തോടെയാണ് അഡ്ഹോക് സമിതി രൂപീകരിച്ചതെന്ന് കെ.ബി. ഗണേഷ് കുമാറും വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ‘അമ്മ’ കുത്തഴിഞ്ഞ സംവിധാനമായി മാറിയെന്നും ഉള്ളിലുള്ളത് കോമാളിക്കൂട്ടങ്ങളാണെന്നും ആരോപിച്ച് ഭരണസമിതിയിൽ നിന്ന് രാജിവെച്ച നടൻ ജോയ് മാത്യുവും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്



