ടൊറന്റോ: കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ പിറന്ന വിജയഗോളിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. ടൊറന്റോ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ വിരോചിത വിജയം.
ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്ക മോഡ്രിച്ചും തങ്ങളുടെ കരിയറിലെ അവസാന ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിനായി നേർക്കുനേർ വന്നപ്പോൾ, കളി ഒടുവിൽ നാടകീയതയുടെ പരകോടിയിലാണ് അവസാനിച്ചത്.
റെക്കോർഡുകൾ തിരുത്തി റൊണാൾഡോ
ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചെങ്കിലും രണ്ടാം പകുതി ആരാധകരെ സീറ്റിന്റെ അറ്റത്തിരുത്തുന്നതായിരുന്നു. കളിയിൽ ആദ്യമായി വലകുലുക്കിയത് ക്രോയേഷ്യ ആയിരുന്നു. ഇവാൻ പെരിസിച്ചിലൂടെ അവർ പോർച്ചുഗലിനെ ഞെട്ടിച്ചു (1-0).
എന്നാൽ വിട്ടുകൊടുക്കാൻ പോർച്ചുഗൽ തയ്യാറല്ലായിരുന്നു. ബോക്സിനുള്ളിലെ ഫൗളിന് റഫറി പോർച്ചുഗലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിഴച്ചില്ല. പന്ത് ക്രൊയേഷ്യൻ വലയിൽ (1-1). ഈ ഗോളോടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡിനൊപ്പം, തന്റെ കരിയറിലെ ആദ്യ ലോകകപ്പ് നോക്കൗട്ട് ഗോളും റൊണാൾഡോ സ്വന്തമാക്കി.
‘വാർ’ നൽകിയ ആഘാതങ്ങൾ, ഒടുവിൽ റാമോസ് മാജിക്!
മത്സരത്തിൽ മൊത്തം നാല് ഗോളുകളാണ് ഓഫ്‌സൈഡ് മൂലവും ഫൗളുകൾ മൂലവും റഫറി നിഷേധിച്ചത്. ഇരുടീമുകളുടെയും രണ്ട് ഗോളുകൾ വീതം നഷ്ടമായത് കളിയുടെ ആവേശം ഇരട്ടിയാക്കി. ഒടുവിൽ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിൽ ഗോൺസാലോ റാമോസ് പോർച്ചുഗലിന്റെ രക്ഷകനായി അവതരിച്ചത്. പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി റാമോസ് തൊടുത്ത ഷോട്ട് ക്രോയേഷ്യൻ വല തുളച്ചപ്പോൾ പോർച്ചുഗൽ ക്യാമ്പിൽ വൻ വിജയാഘോഷം അലയടിച്ചു.
തൊട്ടുപിന്നാലെ ക്രോയേഷ്യ വീണ്ടും വലകുലുക്കിയെങ്കിലും റഫറി അത് ഫൗൾ വിധിച്ച് റദ്ദാക്കിയതോടെ ലൂക്ക മോഡ്രിച്ചിന്റെയും സംഘത്തിന്റെയും ലോകകപ്പ് മോഹങ്ങൾക്ക് ടൊറന്റോയിൽ അന്ത്യമായി.
അടുത്തത് മഹാപോരാട്ടം!
ഈ തകർപ്പൻ വിജയത്തോടെ ക്രോയേഷ്യയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കി പോർച്ചുഗൽ റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടി. പ്രീ-ക്വാർട്ടറിൽ ഫുട്ബോൾ ലോകം കാത്തിരിക്കുന്ന വമ്പൻ പോരാട്ടത്തിൽ പോർച്ചുഗൽ സ്പെയിനെ നേരിടും. ജൂലൈ 6-ന് ഡാളസ് സ്റ്റേഡിയത്തിലാണ് ഈ സ്വപ്ന മത്സരം അരങ്ങേറുക.



