ലോസ് ഏഞ്ചൽസ്: ലോകകപ്പ് ഫുട്ബോളിൽ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ അവസാന 16 (പ്രിക്വാർട്ടർ) റൗണ്ടിലേക്ക് മാർച്ച് ചെയ്തു. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്തിയ സ്പാനിഷ് പടയ്ക്ക് മുന്നിൽ ഓസ്ട്രിയൻ പ്രതിരോധം അമ്പേ തകരുകയായിരുന്നു. മത്സരത്തിൽ മിക്കൽ ഒയാർസാബൽ ഇരട്ട ഗോളുകൾ നേടിയപ്പോൾ പെഡ്രോ പോറോ ഒരു ഗോൾ സ്വന്തമാക്കി.
മത്സരത്തിന്റെ 36-ാം മിനിറ്റിൽ മാർക് കുകുറെല്ലയുടെ അസിസ്റ്റിൽ നിന്നും ഗോൾ നേടി ഒയാർസാബലാണ് സ്പെയിനെ ആദ്യം മുന്നിലെത്തിച്ചത്. തുടർന്ന് രണ്ടാം പകുതിയിൽ 66-ാം മിനിറ്റിൽ അലക്സ് ബായേന നൽകിയ പാസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് പെഡ്രോ പോറോ സ്പെയിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. പോറോയുടെ ദേശീയ കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഇത്. മത്സരത്തിന്റെ 89-ാം മിനിറ്റിൽ കുകുറെല്ലയുടെ തന്നെ അസിസ്റ്റിൽ നിന്നും ഒയാർസാബൽ തന്റെ രണ്ടാം ഗോളും നേടി സ്പാനിഷ് വിജയം പൂർത്തിയാക്കുകയായിരുന്നു. ഈ രണ്ടാമത്തെ ഗോളോടെയാണ് ഒയാർസാബൽ ഈ ലോകകപ്പിലെ തന്റെ ആകെ ഗോൾ നേട്ടം നാലാക്കി ഉയർത്തി.
അവസാന 16-ലേക്ക് കടന്ന സ്പെയിന് പ്രീ ക്വാർട്ടറിൽ കടുത്ത പോരാട്ടമാണ് കാത്തിരിക്കുന്നത്. ശക്തരായ ക്രോയേഷ്യയെ പരാജയപ്പെടുത്തി എത്തുന്ന പോർച്ചുഗലാണ് അടുത്ത റൗണ്ടിൽ സ്പെയിന്റെ എതിരാളികൾ. യൂറോപ്യൻ കരുത്തന്മാർ നേർക്കുനേർ വരുന്ന പ്രീ ക്വാർട്ടർ പോരാട്ടം ഏറെ ആവേശകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.



