മക്ക – വിശുദ്ധ കഅബാലയത്തിന്റെ ഭാഗമായ ഹിജർ ഇസ്മായിലില്‍ (കഅബയോട് ചേര്‍ന്നുള്ള അര്‍ധവൃത്താകൃതിയിലുള്ള പ്രദേശം) പ്രവേശിച്ച് നമസ്‌കാരവും പ്രാര്‍ഥനയും നിര്‍വഹിക്കാന്‍ ഹറംകാര്യ വകുപ്പ് സ്ത്രീപുരുഷന്മാര്‍ക്ക് പ്രത്യേക സമയങ്ങള്‍ നിശ്ചയിച്ചു. ഹറമിനുള്ളിലെ ആളുകളുടെ സഞ്ചാരം വ്യവസ്ഥാപിതമാക്കാനും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും അതുവഴി ശാന്തവും വ്യവസ്ഥാപിതവുമായ അന്തരീക്ഷത്തില്‍ ആരാധനാ കര്‍മ്മങ്ങള്‍ സുഗമമാക്കാനുമുള്ള ഹറംകാര്യ വകുപ്പിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണിത്.
സ്ത്രീകള്‍ക്ക് ദിവസവും രാവിലെ 6:00 മുതല്‍ 9:00 വരെയും പുരുഷന്മാര്‍ക്ക് രാത്രി 10:00 മുതല്‍ പുലര്‍ച്ചെ 1:00 വരെയും ഹിജ്ര്‍ ഇസ്മായിലിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ഹറംകാര്യ വകുപ്പ് വ്യക്തമാക്കി. മതാഫിലും പരിസര പ്രദേശങ്ങളിലും സുഗമമായ ചലനം നിലനിര്‍ത്തിക്കൊണ്ട്, കര്‍മ്മങ്ങള്‍ എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിര്‍വഹിക്കാന്‍ വിശ്വാസികളെയും സന്ദര്‍ശകരെയും പ്രാപ്തരാക്കാനാണ് പ്രവേശന സമയം നിയന്ത്രിക്കുന്നതിന്റെ ലക്ഷ്യമെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു.



