റിയാദ്: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (NEET UG 2026) ഒഫീഷ്യൽ സെന്ററായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന് ജൂൺ 21 (ഞായർ), ജൂൺ 22 (തിങ്കൾ) ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ മൈമൂന അബ്ബാസ് അറിയിച്ചു. സൗദി അറേബ്യയിലെ ഏക നീറ്റ് പരീക്ഷാ കേന്ദ്രമാണ് റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ. ജൂൺ 21 ഞായറാഴ്ചയാണ് പരീക്ഷ നടക്കുന്നത്. റൗദയിലെ ബോയ്സ് സെക്ഷൻ കാമ്പസാണ് പരീക്ഷാ കേന്ദ്രം. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി സ്കൂൾ അധികൃതർ പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഡോക്യുമെന്റ് പരിശോധനയും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കേണ്ടതിനാൽ രാവിലെ 10:30-ന് മുൻപായി തന്നെ പരീക്ഷാർത്ഥികൾ സെന്ററിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഡോക്യുമെന്റ് പരിശോധന രാവിലെ എട്ടരക്ക് ആരംഭിക്കും. രാവിലെ 11:00 മണിക്ക് ഗേറ്റടക്കും. ഇതിനുശേഷം എത്തുന്ന ഒരു വിദ്യാർത്ഥിയെയും ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നതല്ല. രാവിലെ 11:30 മുതൽ ഉച്ചകഴിഞ്ഞ് 2:45 വരെയാണ് പരീക്ഷാ സമയം.
നിർബന്ധമായും കരുതേണ്ട രേഖകൾ:
ഒറിജിനൽ അഡ്മിറ്റ് കാർഡ്
അഡ്മിറ്റ് കാർഡിന്റെ ഒന്നാം പേജിലും അറ്റൻഡൻസ് ഷീറ്റിലും ഒട്ടിക്കുന്നതിനായി രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ.
അഡ്മിറ്റ് കാർഡിന്റെ രണ്ടാം പേജിൽ ഒട്ടിച്ചിരിക്കേണ്ട പോസ്റ്റ് കാർഡ് സൈസ് (4” x 6”) കളർ ഫോട്ടോ.
ഇന്ത്യൻ ഗവൺമെന്റ് അംഗീകരിച്ച ഏതെങ്കിലും ഒരു ഒറിജിനൽ ഫോട്ടോ ഐഡി കാർഡ് (Photo ID Proof).
കർശന വിലക്കുകൾ:
പരീക്ഷാ കേന്ദ്രത്തിനകത്തേക്ക് വിദ്യാർത്ഥികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, വാലറ്റ്, ബാഗുകൾ, ബെൽറ്റ്, എടിഎം കാർഡുകൾ എന്നിവ പരീക്ഷാ ഹാളിനുള്ളിൽ കർശനമായി നിരോധിച്ചിരിക്കുന്നു. സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.



