റിയാദ്: കേരള സമ്പദ്‌വ്യവസ്ഥയെ കേവലമൊരു ‘റെമിറ്റൻസ് ഇക്കോണമി’യിൽ (പണമയക്കൽ സമ്പദ്‌വ്യവസ്ഥ) നിന്നും ‘ഇൻവെസ്റ്റ്‌മെന്റ് ഇക്കോണമി’യിലേക്ക് (നിക്ഷേപ സമ്പദ്‌വ്യവസ്ഥ) മാറ്റാനുള്ള കേരള സർക്കാരിന്റെ പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് പദ്ധതിയെ പ്രവാസി സമൂഹം നെഞ്ചേറ്റുമെന്ന് കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി. യു.ഡി.എഫ് സർക്കാരിന്റെ പ്രഥമ ബജറ്റിനെ സാധാരണക്കാർക്കൊപ്പം പ്രവാസി സമൂഹവും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ബജറ്റിൽ ഉൾപ്പെടുത്തിയ പ്രവാസി ക്ഷേമപദ്ധതികൾ ഏറെ ആശ്വാസം പകരുന്നതാണെന്നും നാഷണൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. കനത്ത സാമ്പത്തിക ബാധ്യതകൾക്കിടയിലും കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട്, മുൻ സർക്കാരിന്റെ കാലത്തുണ്ടായ പ്രതിസന്ധികൾ മറികടക്കാനുള്ള സൂക്ഷ്മമായ നടപടികളാണ് ഈ ബജറ്റിലുള്ളത്.
ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ആഗോള ഹബ്ബുകൾ, മിഷൻ സമുദ്ര, സ്റ്റാർട്ടപ്പുകൾ, നോളെഡ്ജ് വാലി എന്നിവ വഴി പ്രവാസി മലയാളികളുടെ കഠിനാധ്വാനത്തിന്റെ ഫലം നാട്ടിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി വിനിയോഗിക്കാനും, അതിലൂടെ അവർക്ക് സുരക്ഷിതമായ വരുമാനവും നാട്ടിൽ പുതിയ തൊഴിലവസരങ്ങളും ഉറപ്പാക്കാനുമുള്ള നടപടികളെ സൗദി കെ.എം.സി.സി സ്വാഗതം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് ജനോപകാരപ്രദമായ ബജറ്റ് കൊണ്ടുവരാൻ സാധിച്ച സർക്കാരിന്റെ ധീരമായ നടപടികൾ കേരളത്തെ സുശക്തവും സുരക്ഷിതവുമായ സംസ്ഥാനമാക്കി മാറ്റും. സാധാരണ ജനങ്ങൾ ആഗ്രഹിച്ച ബജറ്റാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
പ്രധാന സവിശേഷതകൾ:
സുരക്ഷിത നിക്ഷേപം: പ്രവാസികളെ വെറും പണം അയക്കുന്നവർ മാത്രമായി കാണാതെ, സുതാര്യമായ രീതിയിൽ നാട്ടിലെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനുള്ള പദ്ധതികൾ പ്രതീക്ഷ നൽകുന്നതാണ്. സർക്കാർ മേൽനോട്ടത്തിലുള്ള ട്രസ്റ്റ് ഫണ്ട് ആയതിനാൽ പ്രവാസികളുടെ നിക്ഷേപം പൂർണ്ണമായും സുരക്ഷിതമായിരിക്കും. വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന ബിസിനസ്സ് നിക്ഷേപങ്ങളിൽ പ്രവാസികൾ നേരിടാറുള്ള വെല്ലുവിളികൾക്ക് ഇതോടെ പരിഹാരമാകും. സാമ്പത്തിക നിക്ഷേപത്തിനപ്പുറം, ആഗോളതലത്തിൽ പ്രവാസികൾക്കുള്ള അറിവും പരിചയസമ്പത്തും കേരളത്തിന്റെ വികസനത്തിനായി പങ്കുവെക്കാൻ ഇതുവഴി അവസരം ലഭിക്കും.
ഇൻവെസ്റ്റ് കേരള സെൽ: പ്രവാസി നിക്ഷേപകർക്ക് ഏകജാലക സംവിധാനം വഴി അതിവേഗം അനുമതികൾ ലഭ്യമാക്കാൻ ‘ഇൻവെസ്റ്റ് കേരള സെൽ’ രൂപീകരിക്കുമെന്ന പ്രഖ്യാപനം സംരംഭകർക്ക് ഏറെ ആശ്വാസകരമാണ്. ചുവപ്പുനാടകളിൽ കുടുങ്ങിക്കിടക്കുന്ന അപേക്ഷകൾക്ക് പരിഹാരം കാണാൻ ഓഫീസുകൾ കയറിയിറങ്ങി തളരുന്ന പ്രവാസി സംരംഭകർക്ക് ഈ സംവിധാനം വലിയ അനുഗ്രഹമാകും.
ഗ്ലോബൽ ജോബ് വാച്ച് ടവർ: മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽ മേഖലകളെക്കുറിച്ച് പഠിക്കാനും, അതിനനുസരിച്ച് കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കാനും ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ ആരംഭിക്കുന്നത് വിദേശ തൊഴിൽ സ്വപ്നം കാണുന്നവർക്ക് ഏറെ ഗുണം ചെയ്യും. വിദേശ തൊഴിൽ വിപണികളുടെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള സ്കിൽ ട്രെയിനിംഗ് പദ്ധതികൾ നടപ്പാക്കുന്നതിലൂടെ പുതുതായി തൊഴിൽ തേടി പോകുന്നവർക്ക് ഉയർന്ന വേതനമുള്ള ജോലി ഉറപ്പാക്കാൻ സാധിക്കും.
നിലവിലുള്ള പ്രവാസി ക്ഷേമപദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും തിരിച്ചെത്തിയ പ്രവാസികൾക്കും വിദേശത്തുള്ളവർക്കും കൂടുതൽ സാമൂഹ്യസുരക്ഷ ഉറപ്പാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് അനുയോജ്യമായ വായ്പാ സൗകര്യം, നോർക്ക വഴിയുള്ള പ്രവാസി ഡിവിഡന്റ് പദ്ധതി, പ്രവാസി വ്യവസായിക പാർക്കുകൾ, സാന്ത്വന പദ്ധതി തുടങ്ങി നിരവധി പദ്ധതികൾ പ്രവാസികളുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതാണ്.
ഇത്തരം ദീർഘവീക്ഷണത്തോടെയുള്ള നടപടികൾക്ക് പ്രവാസി സമൂഹത്തിന്റെ ശക്തമായ പിന്തുണയുണ്ടാകുമെന്ന് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി നേതാക്കളായ കെ.പി. മുഹമ്മദ്‌കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.



