വിയന്ന – ഹോര്‍മുസ് കടലിടുക്ക് മാനേജ്‌മെന്റിന് പുതിയ ക്രമീകരണങ്ങളും സംവിധാനങ്ങളും സൗദി അറേബ്യ നിരാകരിക്കുന്നതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. ഓസ്ട്രിയയിലെ വിയന്നയില്‍ യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് വാര്‍ഷിക യോഗത്തോടനുബന്ധിച്ച് നടന്ന ഡയലോഗ് സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. നയതന്ത്ര പാതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അമേരിക്കയെയും ഇറാനെയും പ്രോത്സാഹിപ്പിക്കുന്നതില്‍ സൗദി അറേബ്യ തിരശ്ശീലക്ക് പിന്നില്‍ പങ്ക് വഹിച്ചിട്ടുണ്ട്. പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കര്‍ശനമായ പരിശോധനയും നിരീക്ഷണ സംവിധാനങ്ങളും ഉള്‍പ്പെടുന്ന ആണവ കരാറിനായി പ്രേരിപ്പിക്കാനും സൗദി അറേബ്യ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.
നിലവിലുള്ള പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ഏതൊരു ആണവ കരാറും ദുര്‍ബലമായി തുടരും. പുരോഗതിക്ക് രണ്ട് സമാന്തര പാതകള്‍ ആവശ്യമാണ്. ഇതില്‍ ഒന്ന് ആണവ വിഷയത്തില്‍ യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ക്കുള്ള പാതയും മറ്റൊന്ന് പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പാതയുമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഏര്‍പ്പെടാതെ യഥാര്‍ഥ പുരോഗതി കൈവരിക്കാന്‍ കഴിയില്ല. സമീപ വര്‍ഷങ്ങളില്‍ സൗദി-ഇറാന്‍ ബന്ധങ്ങള്‍ വഷളായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ വിശാലമായ സാമ്പത്തിക സഹകരണത്തിലേക്ക് നീങ്ങുന്നതിനുമുമ്പ് ഉഭയകക്ഷി ബന്ധങ്ങള്‍ നന്നാക്കാനും പരസ്പര വിശ്വാസം പുനഃസ്ഥാപിക്കാനും മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
യുദ്ധത്തിന് മുമ്പ് ഹോര്‍മുസ് കടലിടുക്കിന്റെ മാനേജ്‌മെന്റ് നല്ല രീതിയില്‍ നടക്കുകയായിരുന്നു. അതിന്റെ മാനേജ്‌മെന്റിനായി പുതിയ ക്രമീകരണങ്ങളോ സംവിധാനങ്ങളോ ഏര്‍പ്പെടുത്തുന്നതിനെ സൗദി അറേബ്യ നിരാകരിക്കുന്നു. ഹോര്‍മുസ് മാനേജ്‌മെന്റിന് നിലവിലുള്ള സംവിധാനം മാറ്റുന്നതിന് ഒരു ന്യായീകരണവും താന്‍ കാണുന്നില്ല. രാഷ്ട്രീയ ചക്രവാളത്തിന്റെ അഭാവമാണ് ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലെബനോനിലും ഇതേ സാഹചര്യമാണ്. രാഷ്ട്രീയ പ്രക്രിയയുടെ അഭാവം ആയുധങ്ങള്‍ മുറുകെ പിടിക്കാനുള്ള കാരണം മറുവശത്തിന് നല്‍കുന്നു. എല്ലാ കക്ഷികളും അവരുടെ കടമകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരാണെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.



