സന്‍ആ – കിഴക്കന്‍ യെമനിലെ ഹദര്‍മൗത്തില്‍ വാദി ദൗഅനിലെ ജബല്‍ ബാസമില്‍ പ്രദേശവാസികളെയാകെ ഭീതിയിലാഴ്ത്തി വന്‍ മലയിടിച്ചില്‍. നിരവധി വീടുകളും കെട്ടിടങ്ങളുമുള്ള ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന മലയില്‍ നിന്ന് കൂറ്റന്‍ പാറ അപ്രതീക്ഷിതമായി ഉഗ്രശബ്ദത്തോടെ താഴേക്കു പതിക്കുകയായിരുന്നു. പാറക്കൊപ്പം കല്ലും മണ്ണും താഴേക്ക് പതിക്കുകയും പ്രദേശമാകെ കണ്ണുകാണാത്ത നിലക്ക് പൊടിപടലങ്ങള്‍ ഉയരുകയും ചെയ്തു. ഭാഗ്യവശാല്‍ കെട്ടിടങ്ങളും വീടുകളും ഇല്ലാത്ത താഴ്‌വരയുടെ ഭാഗത്തേക്കാണ് മലയില്‍ നിന്ന് കൂറ്റന്‍ പാറ പതിച്ചത്.
അപകടത്തില്‍ ആര്‍ക്കെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തില്ല. മലയിടിച്ചിലില്‍ പ്രദേശവാസികളുടെ കൃഷിയിടങ്ങള്‍ക്ക് വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ നേരിട്ടു. ഭീകരമായ മലയിടിച്ചിലിന്റെ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. മലയിടിച്ചിലിനെ തുടര്‍ന്ന് പര്‍വതത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസവും ഇതേസ്ഥലത്ത് മലയിടിച്ചിലുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മലക്ക് താഴെയുള്ള വീടുകളില്‍ നിന്ന് ആളുകള്‍ താമസം മാറിയിരുന്നു. കനത്ത മഴയില്‍ മണ്ണില്‍ വെള്ളം നിറഞ്ഞതാണ് മലയിടിച്ചിലിന് കാരണമെന്ന് ഹദര്‍മൗത്തിലെ ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി മേധാവി ഫായിസ് ബാസുറ പറഞ്ഞു. മലയിടിച്ചിലില്‍ പ്രദേശത്തെ മലയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് മലയിടിച്ചില്‍ സാധ്യതാ ഭീഷണി ഉയര്‍ത്തുന്നു. മലയിടിച്ചില്‍ ഭീഷണി നേരിടുന്ന വീടുകളിലെ കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങരുതെന്നും ഫായിസ് ബാസുറ പറഞ്ഞു.