തെല്‍അവീവ് – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയെ വേര്‍തിരിക്കുന്ന മഞ്ഞ രേഖ ഗാസ മുനമ്പിനും ഇസ്രായിലിനും ഇടയിലുള്ള പുതിയ അതിര്‍ത്തിയാണെന്ന് ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ വ്യക്തമാക്കി. മഞ്ഞ രേഖ പുതിയ അതിര്‍ത്തിയും ഗാസ അതിര്‍ത്തിയില്‍ ജൂതകുടിയേറ്റക്കാര്‍ക്കുള്ള വിപുലമായ പ്രതിരോധ രേഖയും ആക്രമണ രേഖയുമാണെന്ന് ഇസ്രായില്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇയാല്‍ സാമിര്‍ പറഞ്ഞു.
ഒക്ടോബര്‍ പത്തിന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ മഞ്ഞ രേഖക്ക് പിന്നിലേക്ക് ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. ഇതു പ്രകാരം ദക്ഷിണ ഗാസയിലെ റഫ അടക്കം ഗാസ മുനമ്പിന്റെ പകുതിയിലേറെ ഭാഗം നിലവില്‍ ഇസ്രായില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇസ്രായില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള റഫയിലെ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഡസന്‍ കണക്കിന് ഹമാസ് പോരാളികളുടെ കാര്യത്തില്‍ രണ്ടു മാസമായിട്ടും ഒരു തീരുമാനവുമായിട്ടില്ല.
ഇക്കൂട്ടത്തില്‍ പെട്ട മുപ്പതിലേറെ പോരാളികളെ ഇസ്രായില്‍ സൈന്യം ഇതിനകം കൊലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും തീര്‍ന്നതിനാല്‍ കീഴടങ്ങാന്‍ സന്നദ്ധരായി ആയുധങ്ങള്‍ ഉപേക്ഷിച്ച് കൈകള്‍ ഉയര്‍ത്തി പുറത്തുവന്നവർ അടക്കമുള്ളവരെയാണ് സൈനികര്‍ കൊലപ്പെടുത്തിയത്. തുരങ്കങ്ങളില്‍ കുടുങ്ങിയ പോരാളികളെ സുരക്ഷിതരായി പുറത്തുപോകാന്‍ അനുവദിക്കുന്നതിന് അമേരിക്കയും ഖത്തര്‍ അടക്കമുള്ള മധ്യസ്ഥ രാജ്യങ്ങളും സമ്മര്‍ദം ചെലുത്തിയെങ്കിലും ഇതിന് ഒരിക്കലും വഴങ്ങില്ലെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഗാസയില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ശേഷിക്കുന്ന കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുന്നത് ഇസ്രായില്‍ തുടരുകയാണ്.



