വെനീസ്: ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 2019ലാണ് ആദ്യ ഭാര്യ മക്കെന്‍സി സ്കോട്ടുമായി വേര്‍പ്പിരിഞ്ഞത്. അതിനു മുമ്പ് 2018ല്‍ തന്നെ ഇപ്പോഴത്തെ കാമുകിയും മുന്‍ ടിവി ജേണലിസ്റ്റുമായ ലോറന് സാന്‍ഷെസുമായി ബന്ധം തുടങ്ങിയിരുന്നു. വര്‍ഷങ്ങളായി ഈ ബന്ധം തുടരുന്നുണ്ടെങ്കിലും ഇവര്‍ വിവാഹം ചെയ്തിട്ടില്ല. എന്നാല്‍ അതിനുള്ള ഒരുക്കത്തിലാണ് ഇരുവരും. വെനീസില്‍ വച്ചായിരിക്കും കല്യാണമെന്ന് മാര്‍ച്ചിലാണ് ഇരുവരും വെളിപ്പെടുത്തിയത്. വെനീസില്‍ സ്വകാര്യമായി ഈ മാസം 24 മുതല്‍ 26 വരെയാണ് ആഘോഷ പരിപാടികള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ വിവരം പുറത്തുവന്നതോടെ വെനീസിലെ നാട്ടുകാര്‍ ഇളകിയിരിക്കുകയാണ്.
നിരവധി ചരിത്ര പൈതൃകങ്ങളുള്ള വെനീസില്‍ ബെസോസിന്റെ വിവാഹ ആഘോഷം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വെനീസുകാരുടെ പക്ഷം. ടൂറിസ്റ്റുകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് വെനീസുകാര്‍. ഇത്തരം വിഐപി വിവാഹത്തിന്റെ പേരില്‍ നടക്കുന്ന ടൂറിസം താങ്ങാനുള്ള ശേഷി ഈ പൈതൃക നഗരത്തിന് ഇല്ലെന്നാണ് വാദം.
‘ബെസോസിന് ഇവിടെ ഇടമില്ല’, ‘നോ ബെസോസ്’ തുടങ്ങിയ പ്രചാരണങ്ങള്‍ക്ക് ആക്ടിവിസ്റ്റുകള്‍ തുടക്കം കുറിച്ചു കഴിഞ്ഞു. വെനീഷ്യന്‍ ദ്വീപായ സാന്‍ ജിയോര്ജിയോയിലെ സാന്‍ ജിയോര്‍ജിയോ ബസലിക്കയുടെ ബെല്‍ ടവറിലാണ് പ്രതിഷേധക്കാര്‍ ‘നോ ബെസോസ്’ എന്ന കൂറ്റന്‍ ബാനര്‍ തൂക്കിയിരിക്കുന്നത്. ഈ പള്ളിയിലാണ് ബെസോസിന്റെ വിവാഹ ചടങ്ങളുകളെന്നാണ് ഊഹാപോഹം.
ഈ വിവാഹം ഒരു സംഘര്‍ഷാവസ്ഥക്ക് കാരണമായിരിക്കുകയാണ്. ഒരു നിയന്ത്രണവുമില്ലാത്ത ടൂറിസം കാരണം വെനീസ് വീര്‍പ്പുമുട്ടിയിരിക്കുന്ന സമയത്താണിതെന്ന് നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍ ജിയോവാനി അന്‍ഡ്രിയ മാര്‍ട്ടിനി പറയുന്നു. പരിപാടികള്‍ നടക്കുമെന്ന് കരുതപ്പെടുന്ന വേദികളിലൊന്നും ബെസോസിനെ അടുപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വെനീസിലെ അതിമനോഹര റോഡുകളും തോടുകളും തടയും. തെരുവുകളില്‍ മനുഷ്യ മതില് തീര്‍ത്തും കനാലുകളില്‍ ചെറിയ ബോട്ടുകളിറക്കിയും വഴി തടയുമെന്ന് പ്രതിഷേധ സമര സംഘാടകനായ ഫെഡറിക്ക ടൊനിനെല്ലോ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. 10 മില്യന്‍ ഡോളറിന്റെ ഒരു വിവാഹം തടയാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്, ഞങ്ങളത് ചെയ്യുമെന്ന് മറ്റൊരു പ്രതിഷേധക്കാരി നാ ഹാബി സ്റ്റെല്ല ഫയെ പറയുന്നു.
അതേസമയം, ബെസോസിന്റെ വിവാഹ ആഘോഷത്തെ കുറിച്ച് വളരെ കുറഞ്ഞ വിവരങ്ങള്‍ മാത്രമെ പുറത്തു വന്നിട്ടുള്ളൂ. എങ്കിലും വിരുന്നിനെത്തുന്ന അഥിതികളെ കുറിച്ചും, ഹോട്ടല്‍ മുറികളെ കുറിച്ചും, വധുവിന്റെ ഉടയാടകളെ കുറിച്ചുമുള്ള ഊഹാപോഹങ്ങളാണ് മാധ്യമങ്ങളിലെല്ലാം നിറയുന്നത്.