ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങൾ ആഗോള സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും മേഖല കൂടുതൽ വലിയ പ്രതിസന്ധിയിലേക്ക് വഴുതിവീഴുകയാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ‘മധ്യപൂർവദേശത്ത് രാഷ്ട്രീയ പരിഹാരങ്ങളിൽ എത്തിച്ചേരൽ: ശാശ്വത സമാധാനത്തിനായുള്ള മധ്യസ്ഥതയും സംഭാഷണവും’ എന്ന ശീർഷകത്തിൽ യു.എൻ രക്ഷാസമിതിയിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷാസമിതിയുടെ ജൂൺ മാസത്തെ അധ്യക്ഷ പദവി വഹിക്കുന്ന കൊളംബിയയുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഒറെഗോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുപതിലധികം നേതാക്കളും നയതന്ത്രജ്ഞരും പങ്കെടുത്തു.
സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ മിഡിൽ ഈസ്റ്റിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന് ഗുട്ടെറസ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ അസ്ഥിരത, ജനങ്ങളുടെ പലായനം, ആഗോള വ്യാപാര പാതകളിലെ തടസ്സങ്ങൾ, ഭക്ഷ്യ-ഇന്ധന വിലക്കയറ്റം എന്നിവയിലൂടെ ഇതിന്റെ ആഘാതം ലോകമെമ്പാടും പടരുകയാണ്. കഴിഞ്ഞ മാർച്ച് മുതൽ ലെബനോനിലേക്കും സംഘർഷം വ്യാപിച്ചത് പൂർണ്ണ തോതിലുള്ള യുദ്ധത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ലെബനോന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിച്ചുകൊണ്ട്, യു.എൻ രക്ഷാസമിതിയുടെ 1701-ാം നമ്പർ പ്രമേയം പൂർണ്ണമായി നടപ്പാക്കിക്കൊണ്ടുള്ള നയതന്ത്ര ഒത്തുതീർപ്പാണ് ഇവിടെ ഉണ്ടാകേണ്ടത്. എല്ലാ കക്ഷികളും അംഗീകരിക്കുന്ന സമഗ്രമായ ഒരു വെടിനിർത്തലിലൂടെ മാത്രമേ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കം കുറിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ പ്രദേശങ്ങളിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. എട്ടു മാസം മുൻപ് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഗാസയിലെ ജനങ്ങൾ വലിയ മാനുഷിക ദുരിതങ്ങളും അനിശ്ചിതത്വവുമാണ് നേരിടുന്നത്. സാധാരണക്കാർ ദിനംപ്രതി കൊല്ലപ്പെടുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കണം. മാനുഷിക സഹായ വിതരണത്തെ ഒരു വിലപേശൽ തുറുപ്പുചീട്ടായി ഉപയോഗിക്കരുതെന്നും ഗാസ ഫലസ്തീൻ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഗുട്ടെറസ് ഓർമ്മിപ്പിച്ചു. യു.എസ്, ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ മുൻകൈയെടുത്ത സമഗ്ര വെടിനിർത്തൽ പദ്ധതി പൂർണ്ണമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനുമായി ബന്ധപ്പെട്ട മേഖലകളിൽ നിലവിലുള്ളത് താത്കാലികമായ ശാന്തത മാത്രമാണ്. ഇത് എപ്പോൾ വേണമെങ്കിലും വലിയ ഏറ്റുമുട്ടലിലേക്ക് വഴിമാറാം. അതിനാൽ ഹോർമുസ് കടലിടുക്കിലെ നാവിക സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും ആണവ വിഷയങ്ങളിൽ ശാശ്വതമായ കരാറിലെത്താനുമുള്ള ചർച്ചകൾ ഊർജിതമാക്കാനും യു.എൻ ആഹ്വാനം ചെയ്തു. പതിമൂന്ന് വർഷത്തെ ആഭ്യന്തര യുദ്ധത്തിന് ശേഷം മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സിറിയക്ക് ആഗോള സമൂഹം പിന്തുണ നൽകണം. യെമൻ സർക്കാരും ഹൂത്തി മിലീഷ്യകളും തമ്മിൽ തടവുകാരെ മോചിപ്പിക്കുന്നതിനായി ഉണ്ടാക്കിയ കരാറിനെ സ്വാഗതം ചെയ്ത അദ്ദേഹം, ഹൂത്തികൾ തടങ്കലിൽ വെച്ചിരിക്കുന്ന യു.എൻ ജീവനക്കാരെ അടിയന്തരമായി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ബലപ്രയോഗത്തിലൂടെയോ സൈനിക വിജയത്തിലൂടെയോ ശാശ്വത സമാധാനം കൈവരിക്കാൻ കഴിയില്ലെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. സൈനിക നീക്കങ്ങൾ രാഷ്ട്രീയ ഒത്തുതീർപ്പുകൾക്ക് പകരമാവില്ലെന്നും എല്ലാ കക്ഷികളും സംയമനം പാലിച്ച് നയതന്ത്ര പരിഹാരത്തിലേക്ക് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



