വാഷിംഗ്ടൺ– യുദ്ധനഷ്ടപരിഹാരം വേണമെന്ന ഇറാന്റെ ആവശ്യം തള്ളി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. പാരീസിൽ നടന്ന ജി-7 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിൽ ദീർഘകാലമായി അസ്ഥിരത സൃഷ്ടിച്ച ഇറാന് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും, അവരാണ് യഥാർത്ഥത്തിൽ നഷ്ടപരിഹാരം നൽകേണ്ടതെന്നും റൂബിയോ വ്യക്തമാക്കി.
യു.എസ് സാമ്പത്തിക-നാവിക ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, യു.എസ്-ഇസ്രായേൽ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ നിബന്ധനകളാണ് സംഘർഷം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ചത്. എന്നാൽ ഈ ആവശ്യങ്ങൾ അസംബന്ധമാണെന്നും ഇറാനു പണം നൽകാൻ അമേരിക്ക തയ്യാറല്ലെന്നും റൂബിയോ പറഞ്ഞു. നിലവിലെ സാമ്പത്തിക ഉപരോധങ്ങൾ ഫലപ്രദമായതിനാൽ ഇറാനെതിരെ പെട്ടെന്ന് ഒരു വലിയ സൈനിക നടപടിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതിരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മേജർ ജനറൽ മുഹ്സിൻ റെസായി വ്യക്തമാക്കി. ചർച്ചകൾ നടക്കുന്നുണ്ടെന്ന പാശ്ചാത്യ മാധ്യമങ്ങളുടെ വാദങ്ങൾ അസത്യമാണ്. സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാനും എണ്ണവില വർദ്ധനവ് തടയാനുമായി അമേരിക്ക മെനഞ്ഞെടുത്ത കഥകളാണിതെന്നും അദ്ദേഹം ആരോപിച്ചു. ഇറാൻ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകളും പൂർണ്ണമായി നടപ്പാക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു



