വാഷിംഗ്ടൺ: ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് രണ്ട് കോടി ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കുന്ന കാര്യത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്തിമ തീരുമാനത്തിലേക്ക് അടുക്കുന്നതിനിടയിലാണ് ഈ നിർണ്ണായക നീക്കം.
ആണവായുധ പദ്ധതി വികസിപ്പിക്കാനുള്ള ഇറാന്റെ നീക്കങ്ങളെ ചെറുക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ‘റിവാർഡ്സ് ഫോർ ജസ്റ്റിസ്’ പ്രോഗ്രാം വ്യക്തമാക്കി. എക്സ് (X) പ്ലാറ്റ്ഫോമിലൂടെയായിരുന്നു പ്രഖ്യാപനം.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ, സാങ്കേതികവിദ്യകൾ, അതിന് പിന്നിലെ സംഘടനകൾ അല്ലെങ്കിൽ വ്യക്തികൾ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവരങ്ങൾ ഉള്ളവർ സിഗ്നൽ മെസേജിംഗ് ആപ്പ്, ടോർ (Tor) ഹോട്ട്ലൈൻ എന്നിവ വഴി അറിയിക്കണമെന്നും, വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പ്രതിഫലവും പുനരധിവാസവും ഉറപ്പാക്കുമെന്നും അറിയിപ്പിൽ പറയുന്നു.
“ഇറാന്റെ ആണവ നിലയങ്ങൾ പൂർണ്ണമായി തകർക്കാൻ ആക്രമണം പുനരാരംഭിക്കണമോ എന്ന് ഉടൻ തീരുമാനിക്കും,” എന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് യു.എസിന്റെ ഈ പ്രഖ്യാപനം.
യുറേനിയം സമ്പുഷ്ടീകരണവും ചർച്ചകളും
ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കണമെന്ന് യു.എസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് വിദേശത്തേക്ക് മാറ്റാൻ ഇറാൻ തയ്യാറായിട്ടില്ല. ഈ വിഷയം യു.എസ്-ഇറാൻ ചർച്ചകളിൽ പ്രധാന തർക്കവിഷയമായി തുടരുകയാണ്. അതേസമയം, യു.എസ് നാവിക ഉപരോധം നീക്കുന്നതിനും മരവിപ്പിച്ച ഇറാൻ ആസ്തികളുടെ ഒരു ഭാഗം വിട്ടുനൽകുന്നതിനും പകരമായി തകർന്ന ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയെ (IAEA) ക്ഷണിക്കാമെന്ന് ഖത്തർ മുന്നോട്ടുവെച്ച കരട് നിർദ്ദേശത്തിലുണ്ട്.
എന്നാൽ, അമേരിക്ക ഉന്നയിച്ച ഏഴ് വ്യവസ്ഥകൾ അംഗീകരിക്കുന്നത് വരെ ചർച്ചകൾക്കില്ലെന്നും ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്സിൻ റെസായി വ്യക്തമാക്കി.
നയം മാറ്റാൻ ഇറാനിൽ സമ്മർദ്ദം
ആണവ നിർവ്യാപന കരാറിൽ (NPT) നിന്ന് പിന്മാറാനും രാജ്യത്തിന്റെ ആണവ നയം പുനഃപരിശോധിക്കാനും ഇറാനിൽ ആവശ്യമുയരുന്നുണ്ട്. ഇടക്കാല ജുമുഅ ഖത്തീബ് മുഹമ്മദ് ജവാദ് ഹാജ് അലി അക്ബരി, പാർലമെന്റ് അംഗങ്ങളായ നസ്രല്ല പെജ്മാൻഫർ, മുഹമ്മദ് താഗി നാഗ്ദലി തുടങ്ങിയവർ ഈ ആവശ്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. എന്നാൽ, പരമോന്നത നേതാവ് മുജ്തബ ഖാംനഇ ഈ വിഷയത്തിൽ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ആക്രമണങ്ങളിൽ തകർന്ന ആണവ കേന്ദ്രങ്ങളുടെ പുനർനിർമ്മാണം ഇറാൻ ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഐ.എ.ഇ.എ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി യു.എൻ രക്ഷാസമിതിയെ അറിയിച്ചു. നിലവിൽ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച 440.9 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുള്ളതായാണ് കണക്കാക്കുന്നത്. ഇതിനിടെ ഫോർഡോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമുള്ള തുരങ്കങ്ങളിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.



