ഇസ്താംബൂള്‍ – പശ്ചിമേഷ്യന്‍ സമാധാനത്തിന് നെതന്യാഹു പ്രതിബന്ധമാണെന്നും ഇപ്പോഴത്തെ യുദ്ധത്തില്‍ വിജയം ഇറാനായിരിക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പറഞ്ഞു. ഇസ്താംബൂളില്‍ നടന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് വിദേശ മന്ത്രിമാരുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ തുര്‍ക്കി പ്രസിഡന്റ് നെതന്യാഹുവിനെതിരെ ആഞ്ഞടിച്ചു. ഇറാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെയും അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളുടെയും പശ്ചാത്തലത്തില്‍ മേഖലയിലെ സമാധാന പ്രക്രിയക്ക് ഏറ്റവും ദോഷകരമായ കക്ഷി ഇസ്രായില്‍ ആണ്. സമാധാനം കൈവരിക്കാനുള്ള ഏതൊരു ശ്രമത്തിനും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാന പ്രതിബന്ധമാണ്.
ഇറാനില്‍ നടന്ന ഇസ്രായല്‍ ആക്രമണങ്ങള്‍ ശത്രുതാപരമാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തെ മുതലെടുത്ത് നയതന്ത്ര പ്രക്രിയയെ തടസ്സപ്പെടുത്താനും വിശാലമായ ഏറ്റുമുട്ടലിന് തിരികൊളുത്താനും ഇസ്രായില്‍ ശ്രമിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം ശിക്ഷാനടപടികളില്‍ നിന്ന് ഊരിപ്പോകാന്‍ ഇസ്രായിലിനെ സഹായിക്കുകയാണ്.
ഇസ്രായില്‍ സംഘര്‍ഷം മൂര്‍ഛിപ്പിക്കുന്നത് സമാധാനപരമായ പരിഹാരത്തിനുള്ള ആഗ്രഹമില്ലായ്മക്കുള്ള തെളിവാണ്. ഇസ്രായിലിനെ പിന്തുണക്കുന്ന രാജ്യങ്ങള്‍ ഇസ്രായിലിന്റെ അപകടകരമായ നിയമ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ്. ചെറുത്തുനില്പിനുള്ള ഇറാന്റെ ശേഷിയില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിജയം ഇറാന്റേതായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ഇസ്രായിലിനെതിരെ നിര്‍ണായകമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് ഇസ്ലാമിക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. യുദ്ധം വികസിക്കുന്നത് തടയാന്‍ ഇസ്രായിലിനെതിരെ യു.എന്‍ പ്രമേയങ്ങളും അന്താരാഷ്ട്ര നിയമങ്ങളും നടപ്പാക്കണമെന്നും തുര്‍ക്കി പ്രസിഡന്റ് ആവശ്യപ്പെട്ടു.
അതേസമയം, തുടര്‍ച്ചയായ സൈനിക സംഘര്‍ഷം മേഖലയെ സമഗ്രമായ ദുരന്തത്തിലേക്ക് തള്ളിവിടുന്നതായി തുര്‍ക്കി വിദേശ മന്ത്രി ഹാകാന്‍ ഫൈദാന്‍ മുന്നറിയിപ്പ് നല്കി. ഇസ്രായിലിനും ഇറാനും അപ്പുറത്തേക്ക് സംഘര്‍ഷം വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അക്രമ തരംഗം തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് തുര്‍ക്കി വിദേശ മന്ത്രി ആവശ്യപ്പെട്ടു.