ന്യൂയോര്‍ക്ക് – സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഇയെ ഐ.എസ്, അല്‍ഖാഇദ ഉപരോധ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് യു.എന്‍ രക്ഷാ സമിതി. അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് 15 രാജ്യങ്ങളിൽ 14 രാജ്യങ്ങളാണ്. ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മുമ്പ് ഇതേ ഉപരോധ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്ന സിറിയന്‍ ആഭ്യന്തര മന്ത്രി അനസ് ഹസന്‍ ഖത്താബിനെയും ഉപരോധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ തന്നെ യു.എന്‍ ചാര്‍ട്ടറിന്റെ ഏഴാം അധ്യായം പ്രകാരം സിറിയന്‍ പ്രസിഡന്റും ആഭ്യന്തര മന്ത്രിയും ആസ്തി മരവിപ്പിക്കലിനോ മുന്‍ ഭീകരവിരുദ്ധ നടപടികള്‍ പ്രകാരം ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനോ വിധേയരാകില്ലെന്ന് യു.എന്‍ രക്ഷാ സമിതി പ്രഖ്യാപിച്ചു. 2025 ലെ യു.എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനം, സി.ഒ.പി 30 നായി സിറിയന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം ബ്രസീലിലെ ബെലെമില്‍ എത്തിയിരുന്നു. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ വെച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അഹ്മദ് അല്‍ശറഇ കാണും.
2024 ഡിസംബറില്‍ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് ഹയാത്ത് തഹ്രീര്‍ അല്‍ശാമുമായുള്ള സഖ്യത്തിന് അഹ്മദ് അല്‍ശറഅ് നേതൃത്വം നല്‍കുകയും തുടര്‍ന്ന് സിറിയന്‍ പ്രസിഡന്റായി അധികാരം ഏൽക്കുകയും ചെയ്യുകയായിരുന്നു. സിറിയക്കും പുതിയ സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്കും മേലുള്ള ഉപരോധങ്ങള്‍ നീക്കണമെന്ന് അമേരിക്ക 15 അംഗ രക്ഷാ സമിതിയോട് ആവശ്യപ്പെട്ടുവരികയായിരുന്നു.
സിറിയക്കെതിരായ യു.എസ് ഉപരോധങ്ങളില്‍ ഭൂരിഭാഗവും പിന്‍വലിക്കാന്‍ മെയ് മാസത്തില്‍ അമേരിക്ക തീരുമാനിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച നടന്ന രക്ഷാ സമിതിയുടെ വോട്ടെടുപ്പ്.



