തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ യു.എ.ഇ എണ്ണ ടാങ്കര്‍
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്ത് തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തേക്ക് കൊണ്ടുപോയതായി ഇറാനിലെ ഫാര്‍സ്, മെഹര്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയിലെ ജബല്‍ അലി തുറമുഖത്തേക്ക് പോവുകയായിരുന്ന ടാങ്കറിനെ ഗതി മാറ്റി ബന്ദര്‍ അബ്ബാസ് തുറമുഖത്തേക്ക് പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
ഹോര്‍മുസ് കടലിടുക്കിന്റെ വടക്കന്‍ ഭാഗത്ത് വെച്ചാണ് യു.എ.ഇ എണ്ണ ടാങ്കര്‍ റെവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. തുടര്‍ന്ന് ഇറാനിയന്‍ തുറമുഖത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ടാങ്കറിന്റെയോ അതിലെ ജീവനക്കാരുടെയോ പേരുവിവരങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇറാന്‍ മാധ്യമ റിപ്പോര്‍ട്ടുകളെ കുറിച്ച് യു.എ.ഇ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
യു.എ.ഇക്കെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളും, സമാധാനത്തിനും സുരക്ഷക്കും തുരങ്കം വെക്കുന്ന നിലക്ക് മേഖലാ സംഘര്‍ഷം വര്‍ധിപ്പിച്ചതും ചൂണ്ടിക്കാട്ടി ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക, വാണിജ്യ ഇടപാടുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി യു.എ.ഇ ബുധനാഴ്ച അറിയിച്ചിരുന്നു. യു.എ.ഇക്കു നേരെ ഇറാനില്‍ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായും കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു ശ്രമമെന്നും ഇരു മിസൈലുകളും സമുദ്രത്തില്‍ തകര്‍ന്നുവീണതായും യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് യു.എ.ഇ തീരുമാനം.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിനിടെ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ ഇരുപതിലേറെ കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി യു.എ.ഇ ആരോപിച്ചു. എന്നാല്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തിട്ടില്ല.
ഫെബ്രുവരി മുതല്‍ സമുദ്ര ഗതാഗതത്തിന് തടസ്സങ്ങള്‍ നേരിടുന്ന ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരികയാണ്. തങ്ങള്‍ ശത്രുക്കളായി കരുതുന്ന രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകള്‍ക്കും തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കപ്പലുകള്‍ക്കും എതിരെ നടപടിയെടുക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.







