അബുദാബി: ഇസ്രായിൽ – ഇറാൻ യുദ്ധം ആശങ്കാജനകമായി തുടരുന്നതിനിടെ, ഇറാനോടും അവിടുത്തെ ജനങ്ങളോടുമുള്ള യുഎഇയുടെ ഐക്യദാർഢ്യം അറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാനുമായി ഫോണിൽ സംസാരിക്കവെ, സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക സംഘർഷം കുറയ്ക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ഷെയ്ഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു.
സംഘർഷം രൂക്ഷമാകുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമായി പ്രധാന പങ്കാളികളുമായി യുഎഇ നയതന്ത്ര കൂടിയാലോചനകളിൽ സജീവമായി ഏർപ്പെട്ടിട്ടുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കുന്നതിനും, നയതന്ത്ര സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന എല്ലാ നടപടികളെയും യുഎഇ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിൽ കാലാവധി കഴിഞ്ഞും തങ്ങുന്ന ഇറാനികൾക്ക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ഐസിപി
അബുദാബി: യുഎഇ യിൽ നിലവിൽ താമസിക്കുന്ന ഇറാനിയൻ പൗരൻമാരെ രാജ്യം വിടുന്നതിലെ കാലതാമസംമൂലമുണ്ടാകുന്ന എല്ലാ ഓവർസ്റ്റേ പിഴകളിൽ നിന്നും ഒഴിവാക്കിയതായിഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ഡിറ്റിസൺഷിപ്പ് കസ്റ്റംസ് പോർട്ട് സെക്യൂരിറ്റി പ്രഖ്യാപിച്ചു.
വിസ തരം പരിഗണിക്കാതെ തന്നെ താമസക്കാർക്കും സന്ദർശകർക്കും ഇത് ബാധകമാണ്. വ്യോമാതിർത്തി അടച്ചിടലും വിമാന സർവീസ് നിർത്തിവയ്ക്കലും കാരണം ഇറാനിലേക്ക് മടങ്ങാൻ കഴിയാത്ത വ്യക്തികളുടെ ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള മേഖലയിലെ അസാധാരണമായ സാഹചര്യങ്ങളോടുള്ള നേരിട്ടുള്ള പ്രതികരണമാണിത്.
മാനുഷിക പരിഗണനകളോടുള്ള സമർപ്പണവും യുഎഇയിലെ എല്ലാ താമസക്കാർക്കും സന്ദർശകർക്കും സമഗ്രമായ പിന്തുണ നൽകുന്നതിനുള്ള പ്രതിബദ്ധതയും വീണ്ടും ഉറപ്പിക്കുമ്പോൾ, ഈ ഇളവിന് അർഹതയുള്ളവർ ICP സ്മാർട്ട് സർവീസസ് പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യാനോ രാജ്യത്തെ ഏതെങ്കിലും കസ്റ്റമർ ഹാപ്പിനസ്സ് സെൻ്ററുകൾ സന്ദർശിക്കാനോ ICP ആവശ്യപ്പെട്ടു.