വാഷിംഗ്ടൺ – പടിഞ്ഞാറൻ ഇറാഖിൽ തകർന്ന യു.എസ് സൈനിക വിമാനത്തിലുണ്ടായിരുന്ന ആറു സൈനികരും കൊല്ലപ്പെട്ടതായി അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചു. നേരത്തെ നാലു പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ചത്. രണ്ടു പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് വിമാനത്തിലുണ്ടായിരുന്ന ആറു സൈനികരും കൊല്ലപ്പെട്ടതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചത്.
അമേരിക്കൻ വിമാനം ഇറാൻ അനുകൂല പോരാളി ഗ്രൂപ്പുകൾ മിസൈലുകൾ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തിയതായും വിമാനത്തിലെ ജീവനക്കാർ കൊല്ലപ്പെട്ടതായും ഇറാനിലെ ഖാതം അൽഅൻബിയ സുരക്ഷാ സേനാ ഹെഡ്ക്വാർട്ടേഴ്സിനെ ഉദ്ധരിച്ച് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആകാശത്തു വെച്ച് യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറക്കുന്ന ബോയിംഗ് കെസി-135 സ്ട്രാറ്റോടാങ്കർ ഇനത്തിൽ പെട്ട വിമാനം നഷ്ടപ്പെട്ടതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചതിന് പിന്നാലെയാണ് വിമാനം ഇറാൻ അനുകൂല പോരാളി ഗ്രൂപ്പുകൾ വെടിവെച്ചിടുകയായിരുന്നെന്ന് ഇറാൻ അറിയിച്ചത്. ഓപ്പറേഷൻ എപ്പിക് ഫ്യൂറിക്കിടെ സൗഹൃദ രാജ്യത്തിന്റെ വ്യോമാതിർത്തിയിലാണ് സംഭവം നടന്നത്. രണ്ട് വിമാനങ്ങൾ അപകടത്തിൽ പെട്ടു. ഇതിൽ പെട്ട ഒന്ന് പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണു. രണ്ടാമത്തേത് സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇത് ശത്രുതാപരമോ സൗഹൃദപരമോ ആയ വെടിവെപ്പിന്റെ ഫലമല്ല എന്നും യു.എസ് സെൻട്രൽ കമാൻഡ് പറഞ്ഞിരുന്നു.
വിമാനം തകർന്ന് ആറു സൈനികർ കൊല്ലപ്പെട്ടതോടെ ഫെബ്രുവരി 28 ന് ഇറാനുമായുള്ള യു.എസ്-ഇസ്രായിൽ സംഘർഷം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം 13 ആയി. യുദ്ധത്തിനിടെ തകർന്നുവീഴുന്ന നാലാമത്തെ യു.എസ് സൈനിക വിമാനമാണിത്. കുവൈത്തിൽ വെച്ച് സൗഹൃദപരമായ (അബദ്ധത്തിലുള്ള) വെടിവെപ്പിൽ മൂന്ന് എഫ്-15 യുദ്ധവിമാനങ്ങൾ നേരത്തെ തകർന്നിരുന്നു. ഇറാൻ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള ആക്രമണങ്ങൾ ഉൾപ്പെട്ട പോരാട്ടത്തിനിടെയാണ് അബദ്ധത്തിലുള്ള വെടിവെപ്പിൽ മൂന്നു എഫ്-15 വിമാനങ്ങൾ തകർന്നുവീണതെന്ന് യു.എസ് സൈനിക കമാൻഡ് അന്ന് പ്രസ്താവിച്ചു.



