വാഷിംഗ്ടണ്‍– രണ്ട് മാസം നിലവിൽ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സേനയെ നയിക്കാന്‍ യു.എസ് ജനറലിനെ നിയമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്ദേശിക്കുന്നവെന്ന് റിപ്പോർട്ട്. എന്നിരുന്നാലും, ഗാസ മുനമ്പില്‍ യു.എസ് സൈനികര്‍ ഉണ്ടാകില്ലെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്. യുദ്ധത്തിലേക്കുള്ള തിരിച്ചുപോക്ക് ഒഴിവാക്കാനും ദുര്‍ബലമായ വെടിനിര്‍ത്തല്‍ നിലനിര്‍ത്താനും ട്രംപ് ഭരണകൂടം ഗാസ കരാറിന്റെ രണ്ടാം ഘട്ടവുമായി മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ്. ഒക്ടോബര്‍ പത്തിന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നശേഷം ഇസ്രായില്‍ ആക്രമണങ്ങളില്‍ 383 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ ഏതാനും ഇസ്രായിലി സൈനികരും കൊല്ലപ്പെട്ടു.
ഗാസയിലെ കൂടുതല്‍ ഭാഗങ്ങളില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തിന്റെ പിന്‍വാങ്ങല്‍, അന്താരാഷ്ട്ര സേനയെ വിന്യസിക്കല്‍, ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന കൗണ്‍സില്‍ അടങ്ങിയ പുതിയ ഭരണ സംവിധാനം സജീവമാക്കല്‍ എന്നിവ കരാറിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഇസ്രായില്‍ സൈനിക നിയന്ത്രണത്തിലുള്ള ഗാസയുടെ ഭാഗത്ത് അന്താരാഷ്ട്ര സേനയെ വിന്യസിക്കാനാണ് സാധ്യത. ഈ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തിന്റെ കൂടുതല്‍ പിന്‍വാങ്ങലിന് ഇത് അവസരമൊരുക്കുമെന്നും യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
യൂറോപ്യന്‍ രാജ്യങ്ങള്‍ അന്താരാഷ്ട്ര സേനയിലേക്ക് സൈനികരെ സംഭാവന ചെയ്യുകയോ അന്താരാഷ്ട്ര സേനയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളെ പിന്തുണക്കുകയോ ചെയ്തില്ലെങ്കില്‍ ഇസ്രായില്‍ സൈന്യം ഗാസ മുനമ്പില്‍ നിന്ന് പിന്മാറില്ലെന്ന് തിങ്കളാഴ്ച തെല്‍അവീവില്‍ യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ക്ക് നല്‍കിയ ബ്രീഫിംഗില്‍ യു.എസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നിങ്ങള്‍ ഗാസയിലേക്ക് പോകാന്‍ തയ്യാറല്ലെങ്കില്‍, ഇസ്രായില്‍ സൈന്യം അവിടെ തുടരുന്നതിനെ കുറിച്ച് പരാതിപ്പെടരുത് എന്ന സന്ദേശമാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ക്ക് നല്‍കിയതെന്ന് യൂറോപ്യന്‍ നയതന്ത്രജ്ഞ ഉദ്യോഗസ്ഥന്‍ പറഞ്ഞു.



