ധാക്ക- തലയിലെ സ്വർണ്ണനിറത്തിലുള്ള മുടി കാരണം “ഡൊണാൾഡ് ട്രംപ്” എന്ന് വിളിപ്പേര് വീണ ബംഗ്ലാദേശിലെ അപൂർവ്വ പോത്തിനെ ബലി നൽകുന്നതിൽനിന്ന് സർക്കാർ ഇടപെട്ട് ഒഴിവാക്കി. അപൂർവ്വ സവിശേഷത കാരണം പ്രശസ്തിയിലേക്ക് ഉയർന്ന ഈ പോത്തിനെ ഇനി ദേശീയ മൃഗശാലയിൽ സംരക്ഷിക്കും. ബംഗ്ലാദേശിൽ ഇന്നാണ് ഈദുൽ അദ്ഹ ആഘോഷം.
അമേരിക്കൻ പ്രസിഡന്റിന്റെ സവിശേഷമായ മുടി സ്റ്റൈലിനോട് സാദൃശ്യമുള്ള, സ്വർണ്ണനിറത്തിൽ ഒഴുകിക്കിടക്കുന്ന മുടിയുള്ള അപൂർവ്വ ഇനത്തിൽപ്പെട്ട ഈ ആൽബിനോ (വെളുത്ത) പോത്തിന് 700 കിലോഗ്രാം ഭാരമുണ്ട്. പെരുന്നാൾ ദിനത്തിൽ ഇതിനെ ബലി നൽകാൻ നിശ്ചയിച്ചിരുന്നതായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പോത്തിനെ അറുക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രക്ഷിക്കാനായി സർക്കാർ ഇടപെടുകയായിരുന്നു.


പോത്തിനെ നന്നായി പരിപാലിക്കുമെന്ന് ദേശീയ മൃഗശാല ക്യൂറേറ്റർ അതീഖുർ റഹ്മാൻ പറഞ്ഞു. “ഈ ആൽബിനോ പോത്തിനായി ഞങ്ങൾ ഒരു പ്രത്യേക ഷെഡ് ഒരുക്കുകയും കെയർടേക്കറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, ഇതിനെ രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനിൽ പാർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷിക്കാതെ സോഷ്യൽ മീഡിയ താരമായി മാറിയ ഈ പോത്തിനൊപ്പം ചിത്രങ്ങൾ പകർത്താൻ ബംഗ്ലാദേശിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. പോത്തിന്റെ മുൻ ഉടമയായ സിയാ ഉദ്ദീൻ മൃദ (38) പറഞ്ഞത്, അതിന്റെ “അസാധാരണമായ മുടി” കാരണമാണ് തന്റെ സഹോദരൻ അതിന് “ട്രംപ്” എന്ന് പേരിട്ടതെന്നാണ്.
സോഷ്യൽ മീഡിയ ആരാധകരും വഴിയാത്രക്കാരും കുട്ടികളും ഉൾപ്പെടെ കൗതുകം പൂണ്ട സന്ദർശകരുടെ ഒരു നിര തന്നെ മൃഗത്തെ കാണാൻ ആവേശത്തോടെ വന്നിരുന്നതായി മൃദ പറഞ്ഞു. എങ്കിലും, ഈദുൽ അദ്ഹയ്ക്ക് മുന്നോടിയായി അദ്ദേഹം ഈ പോത്തിനെ വിറ്റിരുന്നു.
എന്നാൽ പോത്തിനെ സംരക്ഷിക്കണമെന്ന് സർക്കാർ ഉത്തരവിട്ടതിന് പിന്നാലെ പോലീസ് ഇടപെട്ടു. “ഇതൊരു അപൂർവ്വ മൃഗമായതിനാൽ ഉടമയിൽ നിന്ന് പോത്തിനെ ഏറ്റെടുക്കാൻ മൃഗസംരക്ഷണ വകുപ്പ് ഞങ്ങളോട് ആവശ്യപ്പെട്ടു,” പോത്തിനെ എത്തിച്ച ധാക്കയിലെ കെരാണിഗഞ്ച് പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് മുഹമ്മദ് റൂഹുൽ ഖുദ്ദൂസ് എഎഫ്പിയോട് പറഞ്ഞു. “ഈ ആൽബിനോ പോത്തിന് പ്രായം വളരെ കുറവാണെന്നും ഇനിയും കുറച്ചുവർഷങ്ങൾ കൂടി ഇതിനെ വളർത്താമെന്നും അവർ പറഞ്ഞു.”



