വാഷിംഗ്ടൺ: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് പ്രമുഖ യു.എസ്. മാധ്യമങ്ങൾക്കെതിരെ വീണ്ടും കടുത്ത നടപടിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ച ചില മാധ്യമ സ്ഥാപനങ്ങളെ വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കിയതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ പ്രഖ്യാപിച്ചു.
സി.എൻ.എൻ., എം.എസ്.എൻ.ബി.സി., പൊളിറ്റിക്കോ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വ്യാജവാർത്തകളുടെ നിരന്തര പ്രചാരണം കാരണമാണ് ഇത്തരം സ്ഥാപനങ്ങളെ വൈറ്റ് ഹൗസിൽനിന്ന് പുറത്താക്കുന്നതെന്ന് ട്രംപ് കുറിപ്പിൽ വ്യക്തമാക്കി. യു.എസ്. പ്രസിഡന്റിനെയോ ട്രംപ് ഭരണകൂടത്തെയോ രാജ്യത്തെയോ കുറിച്ച് തെറ്റായ വിവരങ്ങളും കെട്ടിച്ചമച്ച വാർത്തകളും പ്രചരിപ്പിക്കരുതെന്നും, വ്യാജവാർത്തകൾ നൽകുന്ന മറ്റ് മാധ്യമങ്ങൾക്കെതിരെയും ഭാവിയിൽ സമാനമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
അതേസമയം, മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനം തടയാനുള്ള ട്രംപിന്റെ നീക്കം അമേരിക്കയിലെ പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള നിയമവിരുദ്ധമായ ആക്രമണമാണെന്ന് സി.എൻ.എൻ. പ്രതികരിച്ചു. തങ്ങളുടെ വാർത്താശേഖരണവും റിപ്പോർട്ടിംഗും പൂർണ്ണമായും കൃത്യവും ന്യായവുമാണെന്നും, ഇത് യു.എസ്. ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശമാണെന്നും വാർത്താ നെറ്റ്‌വർക്ക് പ്രസ്താവനയിലൂടെ വ്യക്തമാക്കി.







