ഇസ്ലാമാബാദ്– പാകിസ്താനിലെ പഞ്ചാബിൽ ഇസ്ലാമാബാദ് എക്‌സ്പ്രസ് പാളംതെറ്റി 29 യാത്രക്കാർക്ക് പരുക്കേറ്റു. വെള്ളിയാഴ്ചയാണ് ഷെയ്ഖ്പുര ജില്ലയിലെ കാല ശാ കാകു കെമിക്കൽ പ്ലാന്റിനടുത്ത് അപകടമുണ്ടായത്.
പാസഞ്ചർ ട്രെയിനിന്റെ അഞ്ച് ബോഗികൾ പാളം തെറ്റിയെന്ന് രക്ഷാപ്രവർത്തന സംഘമായ പഞ്ചാബ് റെസ്‌ക്യു 1122 റിപ്പോർട്ട് ചെയ്തു. വൈകുന്നേരം പ്രാദേശി സമയം 7.32നാണ് അപകടമുണ്ടായത്. ഉടൻ തന്നെ 6 ആംബുലൻസും 25 രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിരുന്നതായി അന്താരാഷ്ട്ര മാധ്യമമായ എഎൻഐ റിപ്പോർട്ട് ചെയ്തു.
യാത്രക്കാരിൽ ഭൂരിഭാഗം ആളുകളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്ന് പഞ്ചാബ് രക്ഷാപ്രവർത്തന വക്താവ് ഫറൂഖ് അഹമ്മദ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 22 ആളുകൾക്ക് അപകടസ്ഥലത്ത് നിന്നു തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. പരിക്കു കൂടുതലുള്ള 7 പേരെ തുടർ ചികിത്സക്കായി മുരിദ്‌കെ തെഹ്‌സിൽ ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയിലേക്കും മാറ്റി. കഴിഞ്ഞ 15 ദിവസത്തിനിടെ പാകിസ്താനിൽ നടക്കുന്ന മൂന്നാമത്തെ ട്രെയിൻ അപകടമാണിത്.