ടെക്സസ്(ന്യൂയോർക്ക്)- ടെക്സസിലെ മിന്നൽ പ്രളയത്തിൽ എൺപതോളം പേർ മരിച്ചു. മരിച്ചവരിൽ 21 പേർ കുട്ടികളാണ്. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. സെൻട്രൽ ടെക്സസിലെ വെള്ളപ്പൊക്കത്തിൽ 78 പേരുടെ മരണം സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു.
വേനൽക്കാല ക്യാമ്പിലെ നിരവധി കുട്ടികൾ ഉൾപ്പെടെ കാണാതായവരെ പറ്റി ഇപ്പോഴും വിവരമില്ല. ഗ്വാഡലൂപ്പ് നദിയുടെ തീരത്തുള്ള പെൺകുട്ടികൾ മാത്രമുള്ള ക്രിസ്ത്യൻ വേനൽക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റിക്കിലും വെള്ളപ്പൊക്കം കടുത്ത നാശം വിതച്ചു. ഏറ്റവും മോശം വെള്ളപ്പൊക്കം അനുഭവിച്ച കെർ കൗണ്ടിയിലുടനീളം 850-ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു.
കോഞ്ചോ താഴ്‌വരയിലും കെർവില്ലിനടുത്തും അടുത്ത 24 മുതൽ 48 മണിക്കൂർ വരെ കനത്ത മഴ പെയ്യുമെന്നും ഇത് കൂടുതൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ഗവർണർ ആബട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പലയിടങ്ങളിലും മൃതദേഹങ്ങൾ കാണുന്നുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.