ദമാസ്‌കസ് – ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന സിറിയയുടെ പുനര്‍നിര്‍മ്മാണത്തിന് ഏകദേശം 216 ബില്യണ്‍ ഡോളര്‍ (19,22,400 കോടി ഇന്ത്യന്‍ രൂപ) വേണ്ടിവരുമെന്ന് ലോക ബാങ്ക്. 2024 ലെ സിറിയയുടെ മൊത്ത ആഭ്യന്തരോല്‍പ്പാദനത്തിന്റെ പത്തിരട്ടിയാണ് ഈ തുക.
2011 ല്‍ അന്നത്തെ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ സര്‍ക്കാരിനെതിരായ ബഹുജന പ്രതിഷേധങ്ങള്‍ ക്രൂരമായ അടിച്ചമര്‍ത്തലിന് വിധേയമാവുകയും സായുധ സംഘട്ടനത്തിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് വിമതരുടെ മിന്നല്‍ ആക്രമണത്തിലൂടെ ബശാര്‍ അല്‍അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്.
സംഘര്‍ഷത്തിൽ രാജ്യത്തിന്റെ വലിയൊരു ഭാഗം നശിക്കുകയും വൈദ്യുതി ഗ്രിഡ് ഉള്‍പ്പെടെയുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ പുനര്‍നിര്‍മ്മാണത്തിന് 140 ബില്യണ്‍ ഡോളര്‍ മുതല്‍ 345 ബില്യണ്‍ ഡോളര്‍ വരെ ചിലവാകുമെന്നാണ് ലോക ബാങ്ക് പറയുന്നത്. എന്നാല്‍ ഏറ്റവും മികച്ച കണക്ക് 216 ബില്യണ്‍ ഡോളറാണ്. അടിസ്ഥാന സൗകര്യ പുനര്‍നിര്‍മ്മാണത്തിന് 82 ബില്യണ്‍ ഡോളര്‍ ചിലവാകുമ്പോൾ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് 75 ബില്യണ്‍ ഡോളറും നോണ്‍ റെസിഡന്‍ഷ്യല്‍ ഘടനകള്‍ക്ക് 59 ബില്യണ്‍ ഡോളറും ആവശ്യമാകുമെന്ന് കണക്കുകൂട്ടൽ.
ശക്തമായ പോരാട്ടങ്ങള്‍ നടന്ന അലപ്പോ പ്രവിശ്യയിലും ദമാസ്‌കസ് ഗ്രാമപ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം ആവശ്യമായി വരിക. വെല്ലുവിളികള്‍ വളരെ വലുതാണ്, പക്ഷേ വീണ്ടെടുക്കലിനും പുനര്‍നിര്‍മ്മാണത്തിനും പിന്തുണ നല്‍കാനായി സിറിയന്‍ ജനതയോടും അന്താരാഷ്ട്ര സമൂഹത്തോടും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ലോക ബാങ്ക് മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ജീന്‍-ക്രിസ്റ്റോഫ് കാരറ്റ് പറഞ്ഞു.
സിറിയയുടെ മൊത്തം ആഭ്യന്തരോല്‍പ്പാദനം 2011 ല്‍ 67.5 ബില്യണ്‍ ഡോളറായിരുന്നു. 2024 ല്‍ ഇത് 21.4 ബില്യണ്‍ ഡോളറായി കുറഞ്ഞു. നീണ്ടുനിന്ന സംഘര്‍ഷം, ഉപരോധങ്ങള്‍, ആഭ്യന്തര ഉല്‍പ്പാദനം കുറയല്‍ എന്നിവയുടെ ഫലമായുണ്ടായ കടുത്ത സാമ്പത്തിക തകര്‍ച്ചയാണ് കാരണം. തുടര്‍ച്ചയായ സുരക്ഷാ നിയന്ത്രണങ്ങള്‍, പണലഭ്യത ക്ഷാമം, ചില വിദേശ സഹായങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് എന്നിവയുടെ പശ്ചാത്തലത്തില്‍ 2024 ല്‍ സിറിയന്‍ സമ്പദ് വ്യവസ്ഥ 1.5 ശതമാനം കുറഞ്ഞിരുന്നു. 2025 ല്‍ ഒരു ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും ലോക ബാങ്ക് പറഞ്ഞു.
ബശാര്‍ അല്‍അസദിനെ പുറത്താക്കിയ ശേഷം പടിഞ്ഞാറന്‍ രാജ്യങ്ങളുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും ഗള്‍ഫ് രാജ്യങ്ങളുമായി കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപ കരാറുകളില്‍ ഒപ്പുവെച്ചിട്ടും സിറിയ ഇപ്പോഴും സാമ്പത്തികമായി പ്രയാസപ്പെടുകയാണ്. അസദ് കുടുംബത്തിന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരവധി ഉപരോധങ്ങള്‍ അമേരിക്കയും യൂറോപ്പും പിന്‍വലിച്ചിട്ടുണ്ടെങ്കിലും സാമ്പത്തികമായി പ്രയാസം നേരിടുന്നുണ്ട് . അന്താരാഷ്ട്ര സഹായങ്ങള്‍ വെട്ടിക്കുറച്ചത് പലരുടെയും ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. സിറിയയിലെ ജനസംഖ്യയുടെ 90 ശതമാനവും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു.



