ഖാർത്തൂം- ഹൂത്തികൾക്കെതിരെ പോരാടുന്നതിൽ യെമൻ സർക്കാർ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സുഡാൻ സൈന്യം. സുഡാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ജനറൽ യാസർ അൽ അത്ത യെമൻ ജനറൽ സ്റ്റാഫ് ചീഫ് സഗീർ ബിൻ അസീസിന് അയച്ച പ്രത്യേക ഐക്യദാർഢ്യ സന്ദേശത്തിലാണ് സുഡാന്റെ പൂർണ്ണ പിന്തുണ വ്യക്തമാക്കിയത്.
ഹൂത്തികളുടെ ആക്രമണങ്ങളെ പ്രതിരോധിച്ച് യെമന്റെ പരമാധികാരവും പ്രാദേശിക ഐക്യവും നിലനിർത്താൻ യെമൻ സൈന്യത്തിന് സാധിക്കുമെന്നും എല്ലാ അന്താരാഷ്ട്ര, പ്രാദേശിക വേദികളിലും സുഡാന്റെ പിന്തുണ യെമന് ഉണ്ടായിരിക്കുമെന്നും ജനറൽ യാസർ അൽ അത്ത ഉറപ്പുനൽകി
മേഖലയിലെയും തന്ത്രപ്രധാനമായ ബാബൽ മന്ദബ് കടലിടുക്കിലെയും കപ്പൽ ഗതാഗതത്തിന് ഹൂത്തികൾ ഉയർത്തുന്ന ഭീഷണികൾ നേരിടാൻ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി യെമനും സുഡാനും സംയുക്ത സുരക്ഷാ ചർച്ചകൾ നടത്തിവരുന്നുണ്ട്.
താഇസിൽ നാല് ഇറാൻ മിസൈൽ, ഡ്രോൺ വിദഗ്ധർ കൊല്ലപ്പെട്ടതായി യെമൻ സായുധ സേന
യെമൻ തീരത്തുനിന്ന് ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ ഹൂത്തികൾ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ സുഡാന്റെ തീരക്കടലിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സുഡാനും സൗദി അറേബ്യയും ഉൾപ്പെടുന്ന ചെങ്കടൽ മേഖലയിലെ സുരക്ഷാ സഖ്യത്തിൽ സുഡാൻ നാവികസേന സജീവമായി പങ്കെടുക്കുന്നുണ്ട്.







