തെഹ്‌റാൻ- ഇറാന്റെ ഏഴ് നിബന്ധനകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് ആവർത്തിച്ചു വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കപ്പെടാതെ ജലപാത തുറക്കില്ലെന്ന് ഇറാൻ ചർച്ചാ സംഘം ലീഡർ കൂടിയായ ഖാലിബാഫ് വ്യക്തമാക്കി.
അമേരിക്ക മാധ്യമങ്ങളിലൂടെ വ്യത്യസ്തമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും, അടുത്തിടെ ഇടനിലക്കാർ വഴി ഇറാന് പുതിയ നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഏകപക്ഷീയമായ ആവശ്യങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന കാലം കഴിഞ്ഞുവെന്ന് അമേരിക്ക തിരിച്ചറിയണമെന്നും ഖാലിബാഫ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ മാസം ഇറാൻ അവതരിപ്പിച്ച സമാധാന പദ്ധതി പ്രകാരം ലെബനോൻ ഉൾപ്പെടെയുള്ള മേഖലകളിൽ ഏഴ് ദിവസത്തെ പോരാട്ടം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാൻ ആസ്തികൾ കൈമാറുക, എണ്ണ കയറ്റുമതിക്കുള്ള ഉപരോധങ്ങൾ പിൻവലിക്കുക, ഇറാൻ തുറമുഖങ്ങൾക്കെതിരായ യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള മുൻവ്യവസ്ഥകളായി മുന്നോട്ടുവെച്ചിട്ടുള്ളത്. ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലി യോഗവേളയിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും തമ്മിൽ നടത്തിയ ചർച്ചകളിലാണ് ഈ പദ്ധതി അവതരിപ്പിച്ചത്.
എന്നാൽ ഈ പദ്ധതി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പരസ്യമായി തള്ളിക്കളയുകയായിരുന്നു. അതേസമയം, ആണവ വിഷയത്തിൽ കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യാനായി ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥവൃത്തങ്ങൾ സൂചിപ്പിക്കുന്നു.







