മാഡ്രിഡ്– ഇറാനെതിരായ സൈനിക നീക്കങ്ങളിൽ പങ്കുചേരില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ, അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത നിഷേധിച്ച് സ്പെയിൻ. തങ്ങളുടെ മണ്ണിലെ സൈനിക താവളങ്ങൾ യുഎസിന് വിട്ടുനൽകില്ലെന്ന് നേരത്തെ തന്നെ സ്പെയിൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമപാത കൂടി അടച്ചുകൊണ്ടുള്ള സ്പെയിനിന്റെ നിർണ്ണായക നീക്കം. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ സ്പാനിഷ് പത്രമായ എൽ പൈസ് ആണ് തിങ്കളാഴ്ച ഈ വാർത്ത പുറത്തുവിട്ടത്.
സ്പെയിനിന്റെ ഈ തീരുമാനത്തോടെ, മിഡിൽ ഈസ്റ്റിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന അമേരിക്കൻ വിമാനങ്ങൾ സ്പെയിനിനെ മറികടന്ന് കൂടുതൽ ദൂരം സഞ്ചരിക്കാൻ നിർബന്ധിതരാകും. ഇത് യുഎസ് സൈനിക നീക്കങ്ങളുടെ വേഗതയെയും ചെലവിനെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ അടിയന്തര സാഹചര്യങ്ങളിലുള്ള വിമാനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏകപക്ഷീയമായും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചും ആരംഭിച്ച ഒരു യുദ്ധത്തിൽ പങ്കാളികളാകാനോ സഹായിക്കാനോ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സ്പെയിൻ സാമ്പത്തിക മന്ത്രി കാർലോസ് ക്യൂർപോ വ്യക്തമാക്കി. റേഡിയോ കാഡെന സെറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സർക്കാരിന്റെ നിലപാട് ആവർത്തിച്ചത്.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തുടക്കം മുതലേ യുഎസ്-ഇസ്രായേൽ നീക്കങ്ങളെ അതിശക്തമായി എതിർത്തിരുന്നു. ഇറാനെതിരായ ആക്രമണങ്ങൾ “അവിവേകവും നിയമവിരുദ്ധവുമാണ്” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്പെയിനിലെ സൈനിക താവളങ്ങൾ നിഷേധിച്ചതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാഡ്രിഡുമായുള്ള വ്യാപാര ബന്ധങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.



