വാഷിംഗ്ടണ്‍– ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കങ്ങള്‍ ഒരു കാരണവശാലും അമേരിക്ക അംഗീകരിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോര്‍മുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര ജലപാതയാണെന്നും അത് എപ്പോഴും തുറന്നുകിടക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നിലവില്‍ ഇറാന്‍ അവിടെ ടോള്‍ ഈടാക്കുന്നില്ലെങ്കിലും, അത്തരമൊരു സംവിധാനം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര കരാറുകള്‍ അസാധ്യമാക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായുള്ള നയതന്ത്ര ശ്രമങ്ങള്‍ ശക്തമായി തുടരുകയാണ്. യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാന്‍ പുതിയ ശ്രമങ്ങള്‍ നടത്തിവരുന്നു. നിലവിലെ ദുര്‍ബലമായ വെടിനിര്‍ത്തലിനെ ഒരു സ്ഥിര സമാധാന കരാറാക്കി മാറ്റുന്ന പ്രക്രിയയില്‍, അമേരിക്ക സമര്‍പ്പിച്ച ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങള്‍ ഇരുപക്ഷവും തമ്മിലുള്ള ചില വ്യത്യാസങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ചതായി ഇറാന്‍ വ്യക്തമാക്കി. എല്ലാ മുന്നണികളിലെയും യുദ്ധം അവസാനിപ്പിക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും, ആണവ പ്രശ്‌നത്തിലുള്ള ചര്‍ച്ചകളെ കുറിച്ചുള്ള അവകാശവാദങ്ങള്‍ വസ്തുനിഷ്ഠമല്ലെന്നും ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



