ദുബായ്: ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ ചരക്കുകപ്പലായ എച്ച്.എം.എം നാമുവിന് നേരെ ആക്രമണം. മെയ് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ അപകടത്തിൽ കപ്പലിന്റെ പിൻഭാഗത്ത് തിരിച്ചറിയാത്ത രണ്ട് വസ്തുക്കൾ വന്നിടിക്കുകയും തീപിടുത്തമുണ്ടാവുകയും ചെയ്തു. ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയമാണ് ഞായറാഴ്ച ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 3:30-ഓടെയാണ് സംഭവം നടന്നത്. കപ്പലിന്റെ ഇടത് പിൻഭാഗത്ത് നിഗൂഢ വസ്തുക്കൾ വന്നിടിക്കുകയായിരുന്നു. ഇതേത്തുടർന്നുണ്ടായ തീപിടുത്തത്തിൽ കപ്പലിന്റെ ഏഴ് മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. യു.എ.ഇ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
കപ്പലിന്റെ ആന്തരികമായ സാങ്കേതിക തകരാറുകളല്ല അപകടത്തിന് കാരണമെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പാർക്ക് ഇൽ വ്യക്തമാക്കി. എൻജിൻ, ജനറേറ്റർ അല്ലെങ്കിൽ ബോയിലർ എന്നിവയിലെ പ്രശ്നങ്ങൾ മൂലമല്ല തീപിടുത്തമുണ്ടായതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങളിൽ കപ്പലിൽ വന്നിടിക്കുന്ന വസ്തുക്കൾ പതിഞ്ഞിട്ടുണ്ടെങ്കിലും അവ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച അവശിഷ്ടങ്ങൾ വിശകലനം ചെയ്താലേ കൂടുതൽ വ്യക്തത ലഭിക്കൂ. കടൽമൈനുകൾ ഉപയോഗിച്ചുള്ള ആക്രമണമാകാനുള്ള സാധ്യത കുറവാണെന്നും മന്ത്രാലയം സൂചിപ്പിച്ചു.
ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇറാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി ദക്ഷിണ കൊറിയ ആശയവിനിമയം നടത്തുന്നുണ്ട്. നിലവിൽ കപ്പൽ ദുബായ് തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചിരിക്കുകയാണ്. അപകടത്തിന് ഒരാഴ്ച മുൻപും ഇതേ കപ്പലിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.



