തെഹ്റാന് – ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച എണ്ണ ടാങ്കറിന്, രണ്ട് മൈനുകളില്‍ ഇടിച്ച് തീപിടിച്ചതായി ഇറാന് അറിയിച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, ഹോര്‍മുസ് കടലിടുക്കിന് തെക്ക് നിയമവിരുദ്ധമായ വഴിയിലൂടെ കടന്നുപോകാന്‍ ശ്രമിച്ച സൂപ്പര്‍ ടാങ്കറില്‍, രണ്ട് മൈനുകളില്‍ ഇടിച്ചതിനെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായി. ഇതേ തുടര്‍ന്ന് ടാങ്കറിന്റെ മുന്നോട്ടുള്ള യാത്ര പൂര്‍ണ്ണമായും നിലച്ചതായി ഇറാന് റെവല്യൂഷണറി ഗാര്‍ഡ് നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.
ടാങ്കര്‍ നിയമവിരുദ്ധമായി ജലപാത മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. കപ്പലിന്റെ പേരുവിവരങ്ങളോ ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങളോ ഇറാന് റെവല്യൂഷണറി ഗാര്‍ഡ് നാവികസേന പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന മറ്റ് കപ്പലുകള്‍ക്കും ഇതേ ഗതി നേരിടേണ്ടിവരുമെന്ന് റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്കി. ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള തങ്ങളുടെ നിയന്ത്രണങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്ന് റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.







