ഗാസ – ഉത്തര ഗാസയില്‍ ഇസ്രായില്‍ സൈന്യത്തിന് കനത്ത തിരിച്ചടി. ഹമാസിന്റെ ആക്രമണത്തില്‍ അഞ്ചു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെടുകയും ഇരുപതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ ഒരാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. ഉത്തര ഗാസയിലെ ബെയ്ത്ത് ഹാനൂനിലാണ് ഇസ്രായില്‍ സൈന്യത്തിന് ഹമാസ് അപ്രതീക്ഷിതമായി കനത്ത ആഘാതമേല്‍പിച്ചത്.
പ്രദേശത്ത് ഒരേസമയം ഏതാനും ആക്രമണങ്ങള്‍ നടന്നതായി ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഏറ്റവും പ്രധാനം ഇസ്രായിലി സൈനികര്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കവചിത വാഹനത്തില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതാണ്. ഇസ്രായില്‍ സൈനികര്‍ക്കെതിരായ ആക്രമണത്തിന്റെ തുടക്കമായിരുന്നു ഈ സ്‌ഫോടനം. ബെയ്ത്ത് ഹാനൂനിന് വടക്കുകിഴക്കായുണ്ടായ ആക്രമണത്തിന്റെ ഫലമായ സ്‌ഫോടനങ്ങളെ തുടര്‍ന്ന് മെര്‍ക്കാവ ടാങ്ക്, സൈനിക ബുള്‍ഡോസര്‍, സൈനിക ജീപ്പ് എന്നിവക്ക് തീപിടിച്ചു.
അടുത്തിടെ ബെയ്ത്ത് ഹാനൂന്‍ പ്രദേശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്രായിലി നഹല്‍ ബ്രിഗേഡിനെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. പ്രദേശം സുരക്ഷിതമാക്കാന്‍ ശ്രമിച്ച് ഇസ്രായില്‍ സൈന്യം ഉടന്‍ തന്നെ ബെയ്ത്ത് ഹാനൂനിന് ചുറ്റും വ്യോമാക്രമണങ്ങളും ഫയര്‍ ബെല്‍റ്റ് ആക്രമണങ്ങളും നടത്തി. അപ്രതീക്ഷിത ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം ഇസ്രായില്‍ സൈന്യം തുടരുകയാണ്. കുറഞ്ഞത് മൂന്ന് സൈനികരെയെങ്കിലും കാണാതായതായി ഇസ്രായിലി വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈനികരെ പിടികൂടാന്‍ ശ്രമിച്ചതായി സംശയിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന ഹാനിബല്‍ പ്രോട്ടോക്കോള്‍ സൈന്യം സജീവമാക്കിയിട്ടുണ്ട്. സൈനികര്‍ക്ക് ദോഷം വരുത്തിയാലും അവരെ ബന്ദികളാക്കുന്നത് തടയാന്‍ അമിതമായ ബലപ്രയോഗം നടത്തുന്നത് ഈ പ്രോട്ടോക്കോള്‍ അനുവദിക്കുന്നു.
ചില സൈനികര്‍ ഫലസ്തീന്‍ പോരാളികളുടെ കൈകളില്‍ അകപ്പെടുമെന്ന് ഭയന്ന്, ആക്രമണത്തിനിടെ ഇസ്രായില്‍ സൈന്യം തങ്ങളുടെ കേന്ദ്രങ്ങള്‍ക്കും സൈനികര്‍ക്കും നേരെ വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതരായതായി ഇസ്രായില്‍ വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ഒഴിപ്പിക്കാന്‍ ഇസ്രായിലിന് വ്യോമാക്രമണം ആവശ്യമായി വന്നു.
ബെയ്ത്ത് ഹാനൂനില്‍ കണ്ട ദൃശ്യങ്ങള്‍ കഠിനമാണെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. നേരത്തെ സൈന്യത്തിന് കനത്ത നഷ്ടത്തിന് കാരണമായ ഖാന്‍ യൂനിസ് പതിയിരുന്നാക്രമണത്തിന് സമാനമായ ആക്രമാണ് ബെയ്ത്ത് ഹാനൂനിലുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ഗാസ അതിര്‍ത്തിയിലുള്ള നിരവധി ഇസ്രായിലി ഗ്രാമങ്ങളില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ആക്രമണങ്ങള്‍ തുടരുന്നതിനാലും ഇസ്രായില്‍ സൈന്യത്തിന് നേരിടുന്ന ആളപായങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള സൈനിക സെന്‍സര്‍ഷിപ്പും കണക്കിലെടുക്കുമ്പോള്‍ മരണസംഖ്യ ഇപ്പോള്‍ അറിയിച്ചതിനേക്കാള്‍ കൂടുതലായിരിക്കാമെന്ന് ഇസ്രായിലി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.