ടെഹ്റാൻ- ഗാസ മുനമ്പിൽനിന്നുള്ള ലക്ഷക്കണക്കിന് ഫലസ്തീനികളെ കുടിയിറക്കാനുള്ള അമേരിക്കൻ പദ്ധതിയെ സൗദി അറേബ്യ പരാജയപ്പെടുത്തിയതായി ഇസ്രായിലിലെ ഹീബ്രു വാർത്ത ഏജൻസിയായ വാല. സൗദി സന്ദർശനത്തിന് ശേഷം ട്രംപ് ഗാസ കുടിയിറക്കൽ പദ്ധതിയിൽനിന്ന് പിൻവാങ്ങിയതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. റിയാദ് സന്ദർശനത്തിനും സൗദി നേതൃത്വവുമായി തന്ത്രപരമായ കരാറുകളിൽ ഒപ്പുവെച്ചതിനും ശേഷമാണ് ട്രംപ് പിൻവാങ്ങിയതെന്ന് ഇസ്രായേലി വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യ ടുഡേയും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗാസ മുനമ്പിൽ നിന്ന് ഫലസ്തീനികളെ സ്വമേധയാ കുടിയിറക്കാനുള്ള പദ്ധതി ട്രംപ് പ്രഖ്യാപിച്ചത്. ഫലസ്തീൻ ജനതയെ മാറ്റിപ്പാർപ്പിച്ച് പ്രദേശം “മധ്യേഷ്യയുടെ റിവിയേര” ആക്കി മാറ്റാനും പദ്ധതിയിടുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനം വൻ വിമർശനത്തിനാണ് ഇടയാക്കിയത്.
ട്രംപിന്റെ സൗദി അറേബ്യ സന്ദർശനത്തിന് ശേഷം യുഎസ് നിലപാടിൽ മാറ്റം
വാല വാർത്താ വെബ്‌സൈറ്റ് റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ മെയ് മാസത്തിൽ ട്രംപിന്റെ സൗദി അറേബ്യ സന്ദർശനത്തിന് ശേഷം അമേരിക്കയുടെ ഇസ്രായേൽ നിലപാടിലും വലിയ മാറ്റമുണ്ടായി. ട്രംപ് മുന്നോട്ടുവച്ച പദ്ധതി “രാഷ്ട്രീയ വാചാടോപ”ത്തിനപ്പുറം പോയില്ലെന്നും ട്രംപിന്റെ സൗദി സന്ദർശനത്തിന് ശേഷം പദ്ധതി പൂർണമായും നിർത്തിവെച്ചുവെന്നും ഇസ്രായിൽ ആരോപിക്കുന്നു.
ഇസ്രായേലി ശ്രമങ്ങൾക്ക് ഒരു അടി
“ഗാസ കുടിയേറ്റ” പദ്ധതിയിൽ നിന്ന് യു.എസ് പിന്മാറിയത് ഇസ്രായേലി ശ്രമങ്ങൾക്ക് കനത്ത പ്രഹരമായാണ് കണക്കാക്കുന്നത്. ഗാസ നിവാസികളെ സ്വീകരിക്കാൻ സാധ്യതയുള്ള രാജ്യങ്ങളിലേക്ക് ഫലസ്തീനികളെ അയക്കാനായിരുന്നു ഇസ്രായിൽ നീക്കം. ഇതിന് അമേരിക്ക പിന്തുണ നൽകുമെന്നും പ്രതീക്ഷിച്ചു. എന്നാൽ അമേരിക്ക ഇതിൽ നിന്ന് പിൻവാങ്ങി. ഫലസ്തീനികളെ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഇസ്രായിൽ നിരവധി രാജ്യങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ ഇതിനും ഒരു ഫലവുമുണ്ടായില്ല. ആയിരക്കണക്കിന് ഗാസ നിവാസികൾ സ്വമേധയാ പോയെങ്കിലും ഗാസ ഇപ്പോഴും ഫലസ്തീനികളാൽ നിറഞ്ഞിരിക്കുകയാണ്. പദ്ധതിയെ പിന്തുണയ്ക്കാൻ അമേരിക്ക മറ്റ് രാജ്യങ്ങളിൽ യഥാർത്ഥ നയതന്ത്ര സമ്മർദ്ദം ചെലുത്തിയില്ലെന്നും ഇസ്രായിൽ കുറ്റപ്പെടുത്തുന്നു.
എല്ലാ പദ്ധതികളും തകർന്നു
പദ്ധതിയുടെ പ്രഖ്യാപനത്തിന് സമാന്തരമായി, ഗാസയ്ക്കകത്തും പുറത്തും “മാനുഷിക പരിവർത്തന മേഖലകൾ” സ്ഥാപിക്കുന്നതിന് ഏകദേശം രണ്ടു ബില്യൺ ഡോളറിന്റെ ധനസഹായം ഉൾപ്പെടെ ഒരു നിർദ്ദേശം യുഎസ് ഭരണകൂടം മുന്നോട്ടുവച്ചിരുന്നു. ഫലസ്തീൻ നിവാസികൾ മൂന്നാം രാജ്യങ്ങളിലേക്ക് “സ്വമേധയാ” മാറുന്നത് വരെ താൽക്കാലികമായി താമസം ഒരുക്കാനായിരുന്നു പദ്ധതി. ഗാസക്കാരെ പുനരധിവസിപ്പിക്കുന്നതിനും അവരെ ഹമാസിന്റെ സ്വാധീന വലയത്തിൽനിന്ന് മുക്തരാക്കുന്നതിനുമുള്ള കേന്ദ്രങ്ങളായി ഈ പ്രദേശങ്ങൾ ഉപയോഗിക്കേണ്ടതായിരുന്നു. എന്നാൽ മാനുഷികമായ മറവുണ്ടാക്കി നിർബന്ധിത കുടിയിറക്കം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത് എന്ന ആരോപണവും പദ്ധതിക്ക് എതിരെ ഉയർന്നിരുന്നു.
സൗദി അറേബ്യയുടെ മിന്നൽ നീക്കം
“ഗാസ റിവിയേര പദ്ധതി” എന്ന് വിളിക്കപ്പെടുന്ന പദ്ധതി ഫലപ്രദമായി തകർന്നുവെന്ന് ഇസ്രായേലി നിരീക്ഷകരും ഉദ്യോഗസ്ഥരും വിശ്വസിക്കുന്നു. ഫലസ്തീനികളുടെ സ്ഥലംമാറ്റം ഉൾപ്പെടുന്ന ഏതൊരു പദ്ധതിയും പ്രാദേശികമായി അസ്വീകാര്യമാണെന്നും ഭാവി ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്നുമുള്ള ശക്തമായ നിലപാടാണ് സൗദി അറേബ്യ സ്വീകരിച്ചത്. ഉഭയകക്ഷി യോഗങ്ങളിൽ വ്യക്തമായ സന്ദേശങ്ങളിലൂടെ സൗദി അറേബ്യ ഈ പദ്ധതിയെ ഇല്ലാതാക്കി. ഇസ്രായിലിന്റെ ദീർഘകാല പദ്ധതിയാണ് ഗാസയിൽനിന്ന് ഫലസ്തീനികളെ ഒഴിവാക്കുക എന്നത്. എന്നാൽ സൗദി അറേബ്യയുടെ ഇടപെടലോടെ ഈ പദ്ധതിയിൽനിന്ന് അമേരിക്കക്ക് പിൻവാങ്ങേണ്ടി വന്നു.