നിരപരാധികളുടെ ജീവന്‍ പണയപ്പെടുത്തി രാഷ്ട്രീയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഈജിപ്ത്
ജിദ്ദ – ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ പ്രവേശപ്പിക്കുന്നത് തടയാനും, ബ്ലാക്ക് മെയിലിംഗിനും കൂട്ട ശിക്ഷക്കുമുള്ള ഉപകരണമായി ഇതിനെ ഉപയോഗിക്കാനുമുള്ള ഇസ്രായില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സൗദി അറേബ്യ അപലപിച്ചു. ഫലസ്തീന്‍ ജനത നേരിടുന്ന മാനുഷിക ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ഇസ്രായിലിന്റെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമാണ്. ഇസ്രായിലിന്റെ ഇത്തരം ഗുരുതരമായ നിയമ ലംഘനങ്ങള്‍ തടയാനും ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങളുടെ സുസ്ഥിരമായ പ്രവേശനം ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം നടപടികള്‍ സ്വീകരിക്കണമെന്ന് സൗദി അറേബ്യ ആഹ്വാനം ചെയ്തു.
ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ നിര്‍ത്തലാക്കാനുള്ള ഇസ്രായില്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. വെടിനിര്‍ത്തല്‍ കരാര്‍, അന്താരാഷ്ട്ര മാനുഷിക നിയമം, നാലാം ജനീവ കണ്‍വെന്‍ഷന്‍, മതനിയമങ്ങള്‍ എന്നിവയുടെ നഗ്നമായ ലംഘനമാണിതെന്ന് ഖത്തര്‍ പറഞ്ഞു. യുദ്ധായുധമായി ഭക്ഷണം ഉപയോഗിക്കുന്നതും സാധാരണക്കാരെ പട്ടിണിക്കിടുന്നതും ഖത്തര്‍ നിരാകരിക്കുന്നു. ഗാസയിലെ എല്ലാ മേഖലകളിലേക്കും മാനുഷിക സഹായത്തിന്റെ സുരക്ഷിതവും സുസ്ഥിരവും തടസ്സമില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിണമെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയിലൂടെ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
1967 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങളില്‍ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
ഗാസയിലേക്ക് മാനുഷിക, ദുരിതാശ്വാസ സഹായങ്ങള്‍ പ്രവേശിപ്പിക്കുന്നത് ഇസ്രായില്‍ തടഞ്ഞതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി ശക്തമായി അപലപിച്ചു. ഇത് എല്ലാ അന്താരാഷ്ട്ര ഉടമ്പടികളുടെയും നിയമങ്ങളുടെയും, പ്രത്യേകിച്ച് സംഘര്‍ഷ മേഖലകളിലെ സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നത് ഉറപ്പുനല്‍കുന്ന അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമാണ്. ഈ നിയമവിരുദ്ധ നടപടികള്‍ ഗാസയിലെ ഫലസ്തീന്‍ ജനത അനുഭവിക്കുന്ന മാനുഷിക പ്രതിസന്ധിയെ കൂടുതല്‍ ആഴത്തിലാക്കുകയും ദുരിതങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
മാനുഷിക സഹായങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അന്യായമായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്താനും റമദാന്‍ മാസത്തില്‍ ഫലസ്തീന്‍ ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനായി അടിയന്തര റിലീഫ് വസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ജി.സി.സി സെക്രട്ടറി ജനറല്‍ ആഹ്വാനം ചെയ്തു.
ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള ഇസ്രായിലിന്റെ തീരുമാനത്തെ ഈജിപ്തും അപലപിച്ചു. ഇത് ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനമാണ്. ഈ സാഹചര്യത്തില്‍, പ്രത്യേകിച്ച് റമദാന്‍ മാസത്തില്‍, നിരപരാധികളായ സാധാരണക്കാരെ പട്ടിണിക്കിടുന്നതിനും അവരുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനും യാതൊരു ന്യായീകരണവുമില്ല. ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളാക്കുന്ന ഏതൊരു നടപടിയെയും ഈജിപ്ത് പൂര്‍ണമായും നിരാകരിക്കുന്നു.
സാധാരണക്കാരായ ഫലസ്തീന്‍ പൗരന്മാരെ ലക്ഷ്യം വെച്ചുള്ള നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടികള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും നിരപരാധികളുടെ ജീവന്‍ പണയപ്പെടുത്തി രാഷ്ട്രീയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചതോടെ എല്ലാവിധ റിലീഫ് വസ്തുക്കളും സഹായങ്ങളും ഗാസയില്‍ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. ഇസ്രായിലി ബന്ദികളെ വിട്ടയക്കാതെ പുതിയ ഒരു വെടിനിര്‍ത്തലിനും ഇസ്രായില്‍ സമ്മതിക്കില്ലെന്നും ഇസ്രായിലിന്റെ വ്യവസ്ഥകള്‍ ഹമാസ് നിരസിക്കുന്നത് തുടര്‍ന്നാല്‍ മറ്റ് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഭീഷണിപ്പെടുത്തി.
നെതന്യാഹുവിന്റെ തീരുമാനം വിലകുറഞ്ഞ ബ്ലാക്ക്മെയിലിംഗും യുദ്ധക്കുറ്റവുമാണെന്ന് ഹമാസ് വിശേഷിപ്പിച്ചു. ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ അട്ടിമറിയാണ്. ഇസ്രായില്‍ ഉപരോധം തുടരുകയും ജനങ്ങള്‍ക്ക് ആവശ്യമായ സഹായം നിഷേധിക്കുകയും ചെയ്യുന്നതിനാല്‍ ഗാസയിലെ മാനുഷിക സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഹമാസ് പറഞ്ഞു.