അൾജിയേഴ്സ്- അൾജീരിയയിൽ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയ 13,000 ഡോളറിന്റെ ആഭരണങ്ങൾ ഉടമക്ക് തിരികെ നൽകിയ ശുചീകരണ തൊഴിലാളിയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ 15 വർഷമായി റീസൈക്ലിംഗ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനായി പ്ലാസ്റ്റിക് ശേഖരിക്കുന്ന ഇസ്സുദ്ദീൻ എന്നറിയപ്പെടുന്ന അബ്ദുൽ ഖാദർ മൈമൂനി, കഴിഞ്ഞ ദിവസം പുലർച്ചെ തന്റെ വീട്ടിൽ നിന്ന് ഇറങ്ങി ദൈനംദിന ജോലി നിർവഹിക്കുന്നതിനിടെയാണ് 13,000 ഡോളർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയത്.
ആഭരണങ്ങൾ പ്ലാസ്റ്റിക് കീസിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഭാര്യക്കു മുന്നിൽ വെച്ച് തുറന്നുനോക്കാമെന്ന് കരുതി ഇസ്സുദ്ദീൻ കീസ് വീട്ടിലേക്ക് കൊണ്ടുപോയി. കീസിനകത്ത് കുട്ടികളുടെ കളിപ്പാട്ടങ്ങളാണെന്നാണ് ഇസ്സുദ്ദീൻ ആദ്യം ധരിച്ചത്. പക്ഷേ, സ്വർണ്ണാഭരണങ്ങളാണെന്ന് കണ്ടെത്തിയപ്പോൾ ദമ്പതികൾ അത്ഭുതപ്പെട്ടു.
പ്ലാസ്റ്റിക് ബാഗിൽ ആഭരണ ഉടമകളുടെ പേരുകൾ അടങ്ങിയ രസീതുകൾ ഉണ്ടായിരുന്നു. ഇസ്സുദ്ദീൻ ആഭരണ വ്യാപാരി വഴി അവരെ ബന്ധപ്പെടുകയും നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ നൽകുകയും ചെയ്തു. സത്യസന്ധതക്കുള്ള പ്രതിഫലമായി, ആഭരണ ഉടമകൾ അദ്ദേഹത്തിന് പാരിതോഷികമായി ഒരു തുക നൽകി. ഇത് തന്റെ ചെറിയ കടം വീട്ടാനും വീട്ടുവാടക നൽകാനും ഇസ്സുദ്ദീനെ സഹായിച്ചു. വിവരമറിഞ്ഞ് പ്രാദേശിക മുനിസിപ്പൽ അധികാരികളും ബന്ധപ്പെട്ട വകുപ്പുകളും സത്യസന്ധത, സമർപ്പണം, ജോലിയോടുള്ള പ്രതിബദ്ധത എന്നിവക്ക് ശുചീകരണ തൊഴിലാളിയെ ആദരിച്ചു.
സമീപ കാലത്ത് അൽജീരിയയിൽ സമാനമായ മറ്റു സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ മാലിന്യങ്ങൾ സൂക്ഷിച്ച സഞ്ചിയിൽ നിന്ന് 10,000 ഡോളറിന്റെ പണവും ആഭരണങ്ങളും കണ്ടെത്തി അത് ഉടൻ തന്നെ ഉടമയെ കണ്ടെത്തി തിരികെ നൽകിയ സുലൈമാൻ ബൂഅക്കയാണ് ഉദാഹരണം. ഇത്തരം പെരുമാറ്റം പ്രദേശത്തെ താമസക്കാർക്കിടയിലും അൾജീരിയക്കാർക്കിടയിലും സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയും പ്രചരിപ്പിക്കുകയും വേണമെന്ന് സാമൂഹിക, വിദ്യാഭ്യാസ വിദഗ്ധൻ അമ്മാർ ബൽഹസൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







