ദമാസ്‌കസ്– പതിനായിരങ്ങളുടെ രക്തം കൈകളില്‍ പുരണ്ട, ഹമായുടെ കശാപ്പുകാരന്‍ എന്ന പേരിലറിയപ്പെട്ട, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പിതൃസഹോദരന്‍ രിഫ്അത്ത് അല്‍അസദ് അന്തരിച്ചു. 88 വയസായിരുന്നു. 1982 ലെ ഹമാ സംഘര്‍ഷത്തിനിടെ നടന്ന കൊലപാതകങ്ങളിലും പീഡനങ്ങളിലും നേരിട്ട് ഉത്തരവാദിത്തമുള്ളതായി ആരോപിക്കപ്പെട്ടിരുന്ന രിഫ്അത്ത് അല്‍അസദ് മുന്‍ സിറിയന്‍ ഭരണകൂടത്തിലെ ഏറ്റവും പ്രമുഖരില്‍ ഒരാളായിരുന്നു. ഏകദേശം ഒരു ആഴ്ചയോളം പനി ബാധിച്ച് ചികിത്സയിലായിരുന്ന രിഫ്അത്ത് അല്‍അസദിന്റെ മരണം, മുപ്പതു വര്‍ഷത്തിലേറെയായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ജോലി ചെയ്തിരുന്ന, അസദ് കുടുംബവുമായി അടുത്ത ബന്ധമുള്ള വൃത്തം സ്ഥിരീകരിച്ചു. ബശാര്‍ അസദിന്റെ സ്ഥാനഭ്രഷ്ടിക്ക് തൊട്ടുപിന്നാലെ, 2024 ഡിസംബറില്‍ സിറിയയില്‍ നിന്ന് ലെബനനിലേക്ക് കര മാര്‍ഗം കടന്ന രിഫ്അത്ത് അല്‍അസദ് തന്റെ ലക്ഷ്യസ്ഥാനം വ്യക്തമാക്കാതെ ബെയ്‌റൂത്ത് വിമാനത്താവളം വഴി പുറത്തേക്ക് ലെബനന്‍ വിടുകയായിരുന്നു. മുന്‍ ഭരണകൂടത്തിന്റെ പതനത്തിനു ശേഷം അദ്ദേഹം യു.എ.ഇയിലേക്ക് താമസം മാറിയതായി അസദ് കുടുംബവുമായി അടുത്ത ബന്ധമുള്ള മുന്‍ റിപ്പബ്ലിക്കന്‍ ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സഹോദരന്‍ പ്രസിഡന്റ് ഹാഫിസ് അല്‍അസദിന്റെ ഭരണകാലത്ത് രിഫ്അത്ത് അല്‍അസദ് പ്രതിരോധ ബ്രിഗേഡുകളുടെ കമാന്‍ഡറും സ്ഥാപകനുമായിരുന്നു. 1980 കളുടെ തുടക്കത്തില്‍ ഹമാ നഗരത്തെ തകര്‍ക്കുകയും നിരവധി കുടുംബങ്ങളുടെ ചെയ്ത ഹമാ കൂട്ടക്കൊലക്ക് പിന്നില്‍ അദ്ദേഹമായിരുന്നു.
1982 ഫെബ്രുവരിയില്‍ ഹമായില്‍ നടന്ന സായുധ സംഘര്‍ഷത്തിനിടെ പ്രതിരോധ ബ്രിഗേഡുകളെ നയിച്ച രിഫ്അത്ത് അല്‍അസദ് കൊലപാതകങ്ങള്‍, പീഡനങ്ങള്‍, ക്രൂരമായ പെരുമാറ്റം, നിയമവിരുദ്ധ അറസ്റ്റുകള്‍ എന്നിവക്ക് ഉത്തരവിട്ടതായി കഴിഞ്ഞ വര്‍ഷം സ്വിസ് അറ്റോര്‍ണി ജനറല്‍ ഓഫീസ് ആരോപിച്ചു.
1980 ല്‍ തനിക്കെതിരെ നടന്ന വധശ്രമത്തെ തുടര്‍ന്ന്, 1982 ഫെബ്രുവരി 2 ന്, ഹാഫിസ് അല്‍അസദ് ഹമായിലെ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ രക്തരൂക്ഷിതമായ സൈനിക നടപടി ആരംഭിച്ചു. മാധ്യമങ്ങള്‍ മൗനം പാലിക്കുന്നതിനിടെ, രിഫ്അത്ത് അല്‍അസദിന്റെ നേതൃത്വത്തില്‍ സുരക്ഷാ സേന നഗരത്തില്‍ നിരന്തരം ബോംബാക്രമണം നടത്തി. ബ്രദര്‍ഹുഡിനു കീഴിലെ ഗ്രൂപ്പിനെതിരെ ശക്തമായി പോരാടിയ സുരക്ഷാ സേന, അവര്‍ കണ്ടുമുട്ടിയ എല്ലാ സാധാരണക്കാരെയും കൂട്ടക്കൊല ചെയ്യുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കൂട്ടക്കൊല 27 ദിവസം നീണ്ടുനിന്നു. ഔദ്യോഗിക മരണസംഖ്യ ഒരിക്കലും പുറത്തുവിട്ടിട്ടില്ല. സൈനിക നടപടിയില്‍ ഹമായില്‍ 1982 ഫെബ്രുവരി മാസത്തില്‍ 10,000 പേര്‍ മുതല്‍ 40,000 പേര്‍ വരെ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. ഈ കൂട്ടക്കൊലയാണ് രിഫ്അത്ത് അല്‍അസദിന് ഹമായുടെ കശാപ്പുകാരന്‍ എന്ന പേര് ലഭിക്കാന്‍ കാരണമായത്.



