പ്രസ്റ്റൺ (യുകെ): അപൂർവവും ജീവന് ഭീഷണിയുമായ Severe Aplastic Anaemia എന്ന ഗുരുതര രക്തസംബന്ധമായ രോഗത്തിനെതിരെ പോരാടുകയാണ് 30കാരിയായ റഫിയ ഷെറിൻ. ജീവൻ നിലനിർത്താൻ എത്രയും വേഗം സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ ആവശ്യമായ റഫിയ ഇപ്പോൾ ഒരു അനുയോജ്യനായ ദാതാവിനായുള്ള കാത്തിരിപ്പിലാണ്.
ഇന്ത്യയിൽ നിന്നുള്ള റഫിയ നിലവിൽ യുകെയിലെ പ്രസ്റ്റണിലാണ് താമസം. പുതിയ രക്തകോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന അസ്ഥിമജ്ജയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്ന അവസ്ഥയാണ് Severe Aplastic Anaemia. അസ്ഥിമജ്ജയെ ശരീരം തന്നെ ആക്രമിക്കുന്നതിനെ തുടർന്നാണ് രോഗാവസ്ഥ ഉണ്ടാകുന്നത്.
പ്രതീക്ഷ കൈവിടാതെ റഫിയ
2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായാണ് റഫിയ യുകെയിലെത്തിയത്. തന്റെ 30-ാം പിറന്നാൾ ആഘോഷിക്കുന്നതിനായി സെർബിയയിലേക്ക് നടത്തിയ യാത്രയ്ക്കിടയിൽ ഭക്ഷ്യവിഷബാധയേറ്റതോടെയാണ് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ കണ്ടെത്തിയത്. രോഗവിവരം ഡോക്ടർമാരിൽ നിന്ന് അറിഞ്ഞപ്പോൾ ആദ്യം വലിയ അമ്പരപ്പുണ്ടായെങ്കിലും, പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോകുകയാണ് റഫിയ.
നിലവിൽ ആഴ്ചയിൽ രണ്ട് തവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ. എന്നാൽ ഇത് താൽക്കാലിക പരിഹാരം മാത്രമാണ്. അനുയോജ്യനായ ഒരു സ്റ്റെം സെൽ ദാതാവിനെ കണ്ടെത്തി ട്രാൻസ്പ്ലാന്റേഷൻ നടത്തുക മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള നിർണായക മാർഗം. റഫിയയ്ക്കായി രക്ത കാൻസർ ചാരിറ്റിയായ DKMS UK അനുയോജ്യമായ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
ഒരു രജിസ്ട്രേഷൻ; ഒരാൾക്ക് പുതിയൊരു ജീവിതം
റഫിയയെപ്പോലുള്ള രോഗികൾക്ക് അനുയോജ്യനായ ദാതാവിനെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ്. യുകെയിലെ അർഹരായ ജനസംഖ്യയിൽ ഏകദേശം 7 ശതമാനം പേർ മാത്രമാണ് സ്റ്റെം സെൽ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള ഒരാളായിരിക്കും റഫിയയുടെ അനുയോജ്യമായ ദാതാവ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സ്റ്റെം സെൽ രജിസ്ട്രിയിൽ ദക്ഷിണേഷ്യൻ സമൂഹത്തിന്റെ പ്രാതിനിധ്യം ഇപ്പോഴും കുറവാണ്. DKMS UK പ്രതിനിധി ബ്രോണാഗ് ഹ്യൂസ് (Bronagh Hughes) പറയുന്നതുപോലെ, രജിസ്ട്രിയിൽ ചേരുന്ന ഓരോ വ്യക്തിക്കും റഫിയയെപ്പോലുള്ള രോഗികൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷ നൽകാൻ കഴിയും.
വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന സ്വാബ് കിറ്റ് ഉപയോഗിച്ച് വളരെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം. അനുയോജ്യമായ മാച്ച് കണ്ടെത്തിയാൽ, ദാതാവിന് സ്റ്റെം സെൽ നൽകാനുള്ള അവസരം ലഭിക്കും.
റഫിയയ്ക്കായി മഞ്ചേരിയിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാമ്പ്
റഫിയയുടെ ജീവൻ രക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ കുടുംബത്തിനൊപ്പം നാടും കൈകോർക്കുകയാണ്.
റഫിയയെയും സമാനമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റ് രോഗികളെയും സഹായിക്കുന്നതിനായി മഞ്ചേരിയിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 15ന് ശനിയാഴ്ച മഞ്ചേരി യതീംഖാന ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്. റഫിയക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ലോകമൊന്നാകെയുള്ള മനുഷ്യർ.







