റോം: ആക്രമണ ഭീഷണികൾക്കും പിടിവാശികൾക്കുമിടയിൽ പുരോഗമിക്കുന്ന യുഎസ് – ഇറാൻ നയതന്ത്ര ചർച്ചയിൽ ഗണ്യമായ പുരോഗതിയെന്ന് റിപ്പോർട്ട്. റോമിലെ ഒമാൻ എംബസിയിൽ നടന്ന അഞ്ചാം റൗണ്ട് ചർച്ചയിൽ ‘ചില പുരോഗതികൾ’ ഉണ്ടായതായി മധ്യസ്ഥരായ ഒമാനും ഇറാൻ വിദേശകാര്യമന്ത്രിയും അഭിപ്രായപ്പെട്ടു. ആദ്യ നാല് റൗണ്ട് പിന്നിട്ടപ്പോൾ ചർച്ച സഫലമായ അന്ത്യത്തിലേക്കല്ല നീങ്ങുന്നത് എന്ന് ഇറാൻ ഉന്നത നേതൃത്വം സൂചിപ്പിച്ചിരുന്നു.
യു.എസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയും തമ്മിൽ നടന്ന ചർച്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ-
ബുസൈദിയാണ് മധ്യസ്ഥത വഹിച്ചത്. ‘ഇറാൻ-യുഎസ് ചർച്ചകളുടെ അഞ്ചാം വട്ടം ഇന്ന് റോമിൽ പൂർത്തിയായി, ചില പുരോഗതികൾ ഉണ്ടായെങ്കിലും അന്തിമ ധാരണയിലെത്തിയിട്ടില്ല-‘ അൽ ബുസൈദി എക്‌സിൽ കുറിച്ചു. ‘വരും ദിവസങ്ങളിൽ ബാക്കിയുള്ള വിഷയങ്ങൾ വ്യക്തമാക്കി, ഒരു സുസ്ഥിരവും ബഹുമാനകരവുമായ കരാറിലേക്ക് നീങ്ങാനാമകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’ അദ്ദേഹം വ്യക്തമാക്കി.
പ്രതീക്ഷിച്ചതിലും നേരത്തെ സ്റ്റീവ് വിറ്റ്‌കോഫ് എംബസിയിൽ നിന്ന് പുറപ്പെട്ടത് ആശങ്ക സൃഷ്ടിച്ചെങ്കിലും ഇത് മുൻകൂട്ടി നിശ്ചയിച്ച ഫ്‌ളൈറ്റ് സമയത്തിന്റെ അടിസ്ഥാനത്താലിയിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബാഖായി പറഞ്ഞു. ചർച്ചകൾ ‘ശുഭകരവും ശാന്തവുമായ’ അന്തരീക്ഷത്തിൽ തുടർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണമാണ് ചർച്ചകളിലെ പ്രധാന തർക്ക വിഷയം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വിറ്റ്‌കോഫ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ഇറാൻ പൂർണമായി യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ, സമാധാനപരമായ ആവശ്യങ്ങൾക്കു വേണ്ടിയുള്ള തങ്ങളുടെ സമ്പുഷ്ടീകരണം നിർത്താനാണ് ആവശ്യപ്പെടുന്നതെങ്കിൽ കരാറിലെത്താൻ കഴിയില്ലെന്ന് അറാഗ്ചിയും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും വ്യക്തമാക്കി.
‘പരസ്പര വിശ്വാസത്തിന്റെ ഭാഗമായി സമ്പുഷ്ടീകരണത്തിന്റെ തോത്, അളവ് എന്നിവ ചർച്ച ചെയ്യാമെങ്കിലും, സമ്പുഷ്ടീകരണം പൂർണമായി നിർത്തുക എന്നത് ചർച്ചാവിഷയമല്ല.’ അറാഗ്ചി പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രിക്കുകയും, അതിന് പകരമായി അമേരിക്ക ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ലഘൂകരിക്കുകയുമാണ് ചർച്ചകളുടെ ലക്ഷ്യം. 2015-ലെ ആണവ കരാറിൽ ഒബാമ ഭരണകൂടവുമായി ഒപ്പുവച്ച കരാറിൽ ഇറാന് 3.67% വരെ യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുവാദം നൽകിയിരുന്നു. എന്നാൽ, 2018-ൽ അധികാരത്തിലെത്തിയ ട്രംപ് ഈ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി. ഇതേത്തുടർന്ന് സ്വതന്ത്യമായി സമ്പുഷ്ടീകരണം തുടർന്ന ഇറാൻ സമാധാന ആവശ്യങ്ങൾക്കായിലുള്ള തോതായ 60 ശതമാനം വരെ എത്തി. ആണവായുധ നിർമാണത്തിന് ആവശ്യമായ 90 ശതമാനത്തിലേക്ക് ഇത് എത്തുമോ എന്നാണ് യു.എസ് ആശങ്കപ്പെടുന്നത്.
അമേരിക്കയുമായുള്ള ചർച്ച പരാജയപ്പെടുകയോ, തങ്ങളുടെ താൽപര്യങ്ങൾക്കു നിരക്കാത്ത കരാറിൽ ഏർപ്പെടുകയോ ചെയ്താൽ ഇറാന്റെ ആണവപദ്ധതികളെ ആക്രമിക്കുമെന്ന് ഇസ്രായിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇറാനെ ആക്രമിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായിൽ എന്നും നിലവിലെ യു.എസുമായുള്ള ചർച്ച കഴിഞ്ഞാലുടൻ ആക്രമണം ഉണ്ടായേക്കുമെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.