ഇസ്ലാമാബാദ്– പ്രധാന വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാകിസ്താനിലെ വിവിധ എയര്‍ബേസുകള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് വ്യോമതാവളങ്ങള്‍ തകര്‍ന്നത്. റഹിം യാര്‍ ഖാന്‍, നൂര്‍ ഖാന്‍, റഫീഖി, സിയാല്‍ക്കോട്ട്,ചുനിയാന്‍, പാസ്രൂര്‍, സുക്കൂര്‍ തുടങ്ങി പത്തോളം എയര്‍ബേസുകള്‍ ആക്രമണത്തില്‍ തകരാര്‍ സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റഹിം യാര്‍ ഖാന്‍ എയര്‍ബേസിലെ റണ്‍വേയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായതായി ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ചില റഡാര്‍ നിലയങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.
വ്യോമശേഷി വലിയ തോതില്‍ ബാധിക്കപ്പെട്ടതോടെ അടിയന്തരമായി പാകിസ്താന്‍ എയര്‍ഫോഴ്സ് പുതിയ സ്ട്രാറ്റജികളിലേക്ക് നീങ്ങുകയായിരുന്നു. ഇസ്ലാമാബാദ്- പെഷവാര്‍, ഇസ്ലാമാബാദ്-ലാഹോര്‍ മോട്ടോര്‍വേകളിലെ എം1, എം2 എയര്‍സ്ട്രിപ്പുകള്‍ സജീവമാക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. ഈ ആഴ്ച്ച തന്നെ പുനര്‍പരിശോധന നടത്താനാണ് തീരുമാനം.
ഇന്ത്യന്‍ ആക്രമണം പാകിസ്താനിലെ ആണവായുധ നിയന്ത്രണ കേന്ദ്രമായ സ്ട്രാറ്റജിക് പ്ലാന്‍സ് ഡിവിഷനുമായി അടുത്ത് ബന്ധപ്പെട്ട നൂര്‍ ഖാന്‍ എയര്‍ബേസിനെയും ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ശക്തമായ പ്രതികരണമറിയിച്ചു. ഭീകരതയും ചര്‍ച്ചയും ഒരുമിച്ച് നടക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഭീകരാക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കായി എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും മോദി പറഞ്ഞു.
മെയ് 7ന് ഇന്ത്യ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ പാകിസ്ഥാനും ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെങ്കിലും ഇന്ത്യ പ്രതിരോധിച്ചു. ഇരു രാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷാവസ്ഥ രൂക്ഷമാവുന്നത് ലോകരാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മെയ് 10ന് വെടി നിര്‍ത്തല്‍ കരാര്‍ ഇന്ത്യയും പാകിസ്ഥാനും ഔദ്യോഗികമായി അംഗീകരിച്ചു. എന്നാല്‍ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ പിന്നോട്ടില്ലെന്ന നിലപാട് തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.