ബഗ്ദാദ് – ഇറാഖിലെ അല്‍ഫാവുവില്‍ നിന്ന് ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്കായി എണ്ണ ടാങ്കറിനു നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. ടാങ്കറില്‍ അജ്ഞാത പ്രൊജക്ടൈല്‍ ഇടിച്ചതായി കപ്പലിന്റെ ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാര്‍ സുരക്ഷിതരാണ്. നിലവില്‍ പാരിസ്ഥിതിക ആഘാതമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതേ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം, തങ്ങളുടെ എണ്ണ ടാങ്കറുകള്‍ക്ക് നേരെ യു.എസ് നടത്തിയ ആക്രമണങ്ങളെ ഇറാന്‍ വിദേശ മന്ത്രാലയം ശക്തമായി അപലപിച്ചു. ആക്രമണങ്ങള്‍ പ്രാദേശിക സുരക്ഷക്ക് ഭീഷണിയാണ്. ഇറാന്‍ വാണിജ്യ കപ്പലുകള്‍ക്കെതിരായ അമേരിക്കയുടെ ആക്രമണങ്ങള്‍ മേഖലയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുക മാത്രമല്ല, പ്രാദേശിക, അന്തര്‍ദേശീയ സമാധാനത്തിനും സുരക്ഷക്കും പ്രത്യക്ഷമായ ഭീഷണിയായി കണക്കാക്കപ്പെടുകയും ചെയ്യുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ സേന സ്വയം പ്രതിരോധത്തിനായി മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഇറാന്‍ വിദേശ മന്ത്രാലയം പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിന് പുറത്ത് തങ്ങള്‍ സ്ഥാപിച്ച പുതിയ നിരോധിത മേഖല ഒമാന്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങളും അതിനപ്പുറവും ഉള്‍ക്കൊള്ളുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. ഇതിന്റെ കൃത്യമായ കോര്‍ഡിനേറ്റുകള്‍ പിന്നീട് പ്രഖ്യാപിക്കും. നിരോധിത മേഖല ഏകദേശം ചബഹാറിന്റെ ദിശയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഒമാന്‍ കടലിന്റെ ഒരു ഭാഗവും അറേബ്യന്‍ കടലിന്റെ മറ്റൊരു ഭാഗവും ഇതില്‍ ഉള്‍ക്കൊള്ളുന്നു. തങ്ങളുമായി ഏകോപനമില്ലാതെ ഒരു കപ്പല്‍ ആ പ്രദേശത്തേക്ക് പ്രവേശിച്ചാല്‍, അത് തങ്ങളുടെ ഉപരോധങ്ങള്‍ക്ക് വിധേയമായിരിക്കും – റെവല്യൂഷണറി ഗാര്‍ഡ്‌സ് വക്താവ് ഹുസൈന്‍ മൊഹെബി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







