പാരീസ്: ഹിന്ദു സംഘടനയായ ബി.എ.പി.എസിന്റെ (BAPS) പ്രതിനിധി സംഘത്തിന്റെ സന്ദർശനവേളയിൽ സ്ത്രീ ജീവനക്കാരെ ഒഴിവാക്കാൻ മാനേജ്‌മെന്റ് നിർദ്ദേശം നൽകിയതിൽ പ്രതിഷേധിച്ച് നടന്ന പണിമുടക്കിന് ശേഷം ഈഫൽ ടവർ ചൊവ്വാഴ്ച വീണ്ടും തുറന്നു. ശനിയാഴ്ച നടന്ന സന്ദർശനത്തിനിടെ ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ എന്ന സംഘടനയിൽ നിന്നുള്ള പ്രതിനിധികളുമായി സ്ത്രീ ജീവനക്കാർ സമ്പർക്കത്തിൽ വരാൻ പാടില്ലെന്ന് മാനേജ്‌മെന്റ് ജീവനക്കാരോട് നിർദ്ദേശിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കിയത്.
സ്വാമിനാരായൺ വിഭാഗത്തിൽപ്പെട്ട ആഗോള ആത്മീയ, സാമൂഹിക സംഘടനയായ ബി.എ.പി.എസ്, ഫ്രഞ്ച് തലസ്ഥാനത്ത് പരമ്പരാഗത രീതിയിലുള്ള ഒരു ഹിന്ദു കൽക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് പാരീസിലെത്തിയത്. നൂറോളം പേർ അടങ്ങുന്ന സംഘത്തിന്റെ സന്ദർശനം പൊതുജനത്തിനും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ ഈഫൽ ടവർ മാനേജ്‌മെന്റുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായി സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു.
എന്നാൽ, ലിംഗവിവേചനപരമായ യാതൊരുവിധ ആവശ്യങ്ങളും തങ്ങൾ മുന്നോട്ടുവെച്ചിട്ടില്ലെന്നും, അത്തരം പ്രചാരണങ്ങൾ തങ്ങളുടെ സംഘടനയുടെ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും ബി.എ.പി.എസ് വ്യക്തമാക്കി. സന്ദർശനവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അവർ അറിയിച്ചു.
മൈക്കിൾ ജാക്സൺ, ഡൊണാൾഡ് ട്രംപ് തുടങ്ങിയ പ്രമുഖർ എത്തുമ്പോൾ തങ്ങൾ പ്രത്യേക ക്രമീകരണങ്ങൾ ചെയ്യാറുണ്ടെന്നും എന്നാൽ സ്ത്രീ ജീവനക്കാരെ ഒഴിവാക്കണമെന്ന നിർദ്ദേശം അംഗീകരിക്കാൻ കഴിയാത്തതാണെന്നും സി.ജി.ടി യൂണിയൻ ഭാരവാഹി ഡയാൻ ദാവോയിൻ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പാരീസ് മേയർ ഇമ്മാനുവൽ ഗ്രിഗോയർ അറിയിച്ചു. ലിംഗസമത്വം നഗരത്തിന്റെ എല്ലാ മേഖലകളിലും ചരിത്ര സ്മാരകങ്ങളിലും ഒരുപോലെ ബാധകമാണെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.







