തെല്‍അവീവ്: ചരിത്രപരമായി ഇസ്രായിലിന്റെ ഏറ്റവും അടുത്ത യൂറോപ്യന്‍ സഖ്യകക്ഷികളില്‍ ഒന്നായ ബ്രിട്ടനെ പരിഹസിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുണൈറ്റഡ് കിംഗ്ഡത്തെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ഇസ്രായിലി പോഡ്കാസ്റ്റിൽ ബ്രിട്ടീഷ് മാധ്യമങ്ങളുടെ കവറേജിനെ വിമര്‍ശിച്ചുകൊണ്ടാണ് നെതന്യാഹു ഈ പരാമര്‍ശം നടത്തിയത്.
1967-ൽ ആറ് ദിവസം നീണ്ട അറബ്-ഇസ്രായില്‍ യുദ്ധത്തില്‍ ഇസ്രായിലിന് അനുകൂലമായ റിപ്പോർട്ടിംഗ് നടത്തിയ ബ്രിട്ടീഷ് എഴുത്തുകാരന്‍ റാന്‍ഡോള്‍ഫ് ചര്‍ച്ചിലിനെ നെതന്യാഹു പ്രശംസിച്ചു. “ഇന്ന് ബ്രിട്ടനില്‍ പോയി അത്തരമൊരു നിലപാട് നിങ്ങള്‍ കണ്ടെത്തുകയാണെങ്കിൽ, അതിനെ നിങ്ങള്‍ക്ക് ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’ എന്ന് വിളിക്കാം,” പരിഹാസത്തോടെ നെതന്യാഹു പറഞ്ഞു. ആണവായുധങ്ങളുള്ള ആദ്യത്തെ ഇസ്ലാമിക രാജ്യം ബ്രിട്ടൺ ആയിരിക്കുമെന്ന തരത്തിൽ അമേരിക്കൻ റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജെ.ഡി വാന്‍സ് അടുത്തിടെ നടത്തിയ അഭിപ്രായങ്ങളെയും നെതന്യാഹു കൂട്ടുപിടിച്ചു. എന്നാൽ ഇറാനില്‍ മറ്റൊരു ആണവായുധം ഉണ്ടാകില്ലെന്ന് തങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടുത്ത വിമർശനവുമായി ജൂത സംഘടനകൾ
ഇസ്രായില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങൾ വെറുപ്പുളവാക്കുന്നതും ഭിന്നിപ്പിക്കുന്നതുമാണെന്ന് ബ്രിട്ടീഷ്, ഐറിഷ് ജൂത സംഘടനകൾ വിമര്‍ശിച്ചു. “യഹൂദവിരുദ്ധതയും മുസ്ലിം വിരുദ്ധ വിദ്വേഷവും സാമൂഹിക വിഭജനവും നമ്മുടെ രാജ്യത്തുടനീളം യഥാര്‍ഥ ഭയം സൃഷ്ടിക്കുന്ന ഒരു സമയത്ത്, ഇത്തരത്തിലുള്ള ഭാഷ അപകടകരവും നിരുത്തരവാദപരവുമാണ്. പ്രധാനമന്ത്രി നെതന്യാഹു ബ്രിട്ടീഷ് ജൂതന്മാര്‍ക്കുവേണ്ടി സംസാരിക്കുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല,” മൂവ്മെന്റ് ഫോര്‍ പ്രോഗ്രസീവ് ജൂതായിസം സഹ-നേതാക്കളായ റബ്ബി ചാര്‍ലി ബാഗിന്‍സ്‌കിയും റബ്ബി ജോഷ് ലെവും വ്യക്തമാക്കി.
നെതന്യാഹുവിന്റെ പരാമര്‍ശങ്ങള്‍ പ്രകടമായ ഇസ്ലാം വിരുദ്ധതയാണെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഡൗണിംഗ് സ്ട്രീറ്റ് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ഗാവിന്‍ ബാര്‍വെല്‍ പ്രതികരിച്ചു. “ഈ മനുഷ്യന്‍ ബ്രിട്ടന്റെ സുഹൃത്താണെന്ന് വിശ്വസിക്കുന്ന ചിലരുടെ നാട്യം എല്ലാവരും ഇനി ഉപേക്ഷിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,” ബാര്‍വെല്‍ എക്സിലെ പോസ്റ്റിൽ കുറിച്ചു.
ഇസ്രായിൽ-യു.കെ ബന്ധത്തിലെ വിള്ളൽ
പരമ്പരാഗതമായി ശക്തമായ ബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും, അടുത്തിടെ അധികാരത്തിൽ വന്ന പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബര്‍ സർക്കാർ ഇസ്രായിലുമായി ചില വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നു. യു.കെ ഇസ്രായിലുമായുള്ള സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചില ആയുധ കയറ്റുമതി ലൈസന്‍സുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, തീവ്ര വലതുപക്ഷ ഇസ്രായിലി കാബിനറ്റ് അംഗങ്ങളായ ഇറ്റാമര്‍ ബെന്‍-ഗ്വിര്‍, ബെസലേല്‍ സ്‌മോട്രിച്ച് എന്നിവര്‍ക്കെതിരെ ഫ്രാന്‍സിനെപ്പോലെ യു.കെയും ഉപരോധം ഏര്‍പ്പെടുത്തി. ഫ്രാന്‍സും കാനഡയും ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുമായി ചേര്‍ന്ന് അടുത്തിടെ യു.കെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നിലപാടും സ്വീകരിച്ചിരുന്നു.
ഗാസയിലെ ഇസ്രായിലിന്റെ സൈനിക നടപടികളോടുള്ള ലേബര്‍ പാര്‍ട്ടിയുടെ പ്രാരംഭ നിലപാടുകൾക്കും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാന്‍ വൈകിയതിനും മാഞ്ചസ്റ്റർ മേയറും മുതിർന്ന ലേബര്‍ നേതാവുമായ ആന്‍ഡി ബേണ്‍ഹാം അടുത്തിടെ ക്ഷമാപണം നടത്തിയിരുന്നു. ഗാസയിലെ അക്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ ഉപരോധങ്ങള്‍ ശക്തമാക്കണമെന്നും ഇസ്രായിൽ സർക്കാരിനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നെതന്യാഹുവിന്റെ പുതിയ വിമർശനം യു.കെ-ഇസ്രായില്‍ ബന്ധത്തിലെ വലിയ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് അസോസിയേറ്റ് പ്രൊഫസര്‍ റദ്‌വാന്‍ അബൂഹര്‍ബ് പറഞ്ഞു. ഭരണ സഖ്യത്തെ നിലനിർത്തുന്നതിനും ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും വേണ്ടിയാകാം നെതന്യാഹു ഇത്തരമൊരു പരാമർശം നടത്തിയതെന്നും അദ്ദേഹം വിലയിരുത്തി.







