ദോഹ-ഗാസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായില്‍-ഹമാസ് പ്രതിനിധികളെ പങ്കെടുപ്പിച്ച് ദോഹയില്‍ നടത്തുന്ന കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും ഈജിപ്തും ഈ ചര്‍ച്ചകളില്‍ ാെപ്പമുണ്ടെന്നും ഖത്തര്‍. ഇസ്രായിലിന്റേയും ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്മെന്റിന്റേയും (ഹമാസ്) പ്രതിനിധികള്‍ ദോഹയിലുണ്ട്. ഓരോ പ്രതിനിധി സംഘവുമായും വെവ്വേറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്- ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍അന്‍സാരി അറിയിച്ചു.
പരോക്ഷ ചര്‍ച്ചകള്‍ യഥാര്‍ത്ഥ ചര്‍ച്ചാ പ്രക്രിയയ്ക്ക് മുമ്പുള്ള ചട്ടക്കൂട് ഉണ്ടാക്കാനുള്ളതാണ്. ഇരു കക്ഷികളും തമ്മിലുള്ള പ്രധാന വിഷയങ്ങളില്‍ ധാരണയ്ക്ക് അനുയോജ്യമായ സാഹചര്യമുണ്ടാക്കുക പ്രധാനമാണ്. ഇക്കാര്യങ്ങളില്‍ അമേരിക്കയുടെ പിന്തുണയെ വിലമതിക്കുന്നു. 24 മണിക്കൂറുമെന്നോണം ഖത്തരി-ഈജിപിഷ്യന്‍ മധ്യസ്ഥ (QATAR-EGYPT MEDIATION) സംഘം രംഗത്തുണ്ട്.
ഫലസ്തീന്‍ ജനതയെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിക്കും ഖത്തര്‍ അനുകൂലിക്കില്ല. അതിന് ശക്തമായി എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് ചര്‍ച്ചയെ ബാധിക്കും. ചര്‍ച്ചകള്‍ക്ക് ശാന്തമായ അന്തരീക്ഷം അനിവാര്യമാണെന്നും അല്‍അന്‍സാരി പറഞ്ഞു.
പരിഹാര ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഒരു സമാധാന ഉടമ്പടി വേണമെന്നാണ് ഖത്തര്‍ അടക്കമുള്ള മധ്യസ്ഥ കക്ഷികളുടെ ആവശ്യം. ഇതിനായാണ് ഖത്തര്‍, ഈജിപ്ത് അടക്കമുള്ള മധ്യസ്ഥ സംഘങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഖത്തറില്‍ നടക്കുന്ന ഗാസ (GAZA) വെടിനിര്‍ത്തല്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് അമീറിന് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കുക എന്നതാണ് അന്തിമമായ ലക്ഷ്യം. അതിലേക്ക് നയിക്കുന്ന ചട്ടക്കൂടുകളാണ് തയാറാക്കുന്നത്. ക്രിയാത്മക ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷ. ചര്‍ച്ചയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഫലസ്തീന്‍ ജനതയെ കുടിയിറക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ കേള്‍ക്കുന്ന ചില പ്രസ്താവനകള്‍ അന്താരാഷ്ട്ര, മാനുഷിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഫലസ്തീനികളെ അവരുടെ നാട്ടില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെതിരെ അന്താരാഷ്ട്ര സമവായമുണ്ട്. ദോഹയില്‍ നടക്കുന്ന ഗാസ വെടിനിര്‍ത്തല്‍, ബന്ദി കൈമാറ്റ ചര്‍ച്ചകളില്‍ ഇതുവരെ ഇരുപക്ഷത്തുനിന്നും നല്ല സഹകരണമാണുള്ളത്. ഈ പ്രതിസന്ധിക്കും മാനുഷ്യ നിര്‍മ്മിത ദുരന്തത്തിനും അന്തിമ പരിഹാരമുണ്ടാവുന്ന ചര്‍ച്ചകള്‍ ആണ് നടക്കുന്നത്. മധ്യപൂര്‍വ്വേഷ്യയിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ സന്ദര്‍ശനത്തെ ഖത്തര്‍ സ്വാഗതം ചെയ്യുന്നു. ആ സന്ദര്‍ശനം നിലവില്‍ ദോഹയില്‍ ചര്‍ച്ച നടത്തുന്ന കക്ഷികള്‍ക്ക് ഗുണകരമാവും. മാധ്യമങ്ങളിലൂടെ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നത് നെഗറ്റീവ് ആയി മാറും. ചിലപ്പോള്‍ നെഗറ്റീവ് മാധ്യമ വാര്‍ത്തകളുടെ ഒഴുക്ക് തന്നെ സംഭവിക്കുന്നത് ചര്‍ച്ചാ മുറിക്കുള്ളിലെ നിലപാടുകളില്‍ മാറ്റത്തിന് വരെ കാരണമായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.