കയ്റോ– ഈജിപ്തിലെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ സേന നടത്തിയ റെയ്ഡുകളിൽ ഏഴ് കൊടുംകുറ്റവാളികൾ കൊല്ലപ്പെട്ടു. ഷർഖിയ, ഗർബിയ, ദഖഹ്ലിയ എന്നീ ഗവർണറേറ്റുകളിലെ ക്രിമിനൽ കേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷനിൽ മൂന്ന് ടണ്ണിലധികം മയക്കുമരുന്നും 115 തോക്കുകളും പിടിച്ചെടുത്തതായി ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് ഏകദേശം 30 കോടി ഈജിപ്ഷ്യൻ പൗണ്ട് മൂല്യം കണക്കാക്കുന്നു.
പൊതു സുരക്ഷാ വകുപ്പും ആന്റി-നാർകോട്ടിക്സ്-ആയുധ വകുപ്പും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വൻതോതിലുള്ള ലഹരി-ആയുധ കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി കേന്ദ്ര സുരക്ഷാ സേനയുടെ സഹായത്തോടെ സംഘങ്ങളുടെ ഒളിത്താവളങ്ങൾ വളയുകയായിരുന്നു. കൊലപാതകം, മയക്കുമരുന്ന് കടത്ത്, അനധികൃത ആയുധവ്യാപാരം, സായുധ കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിൽ ജീവപര്യന്തം ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധിക്കപ്പെട്ടവരാണ് കൊല്ലപ്പെട്ട ഏഴ് പേരും. സംഘത്തിലെ മറ്റ് അംഗങ്ങളെ സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്.
വിവിധയിനം മയക്കുമരുന്നുകൾക്ക് പുറമെ 1,50,000 ലഹരി ഗുളികകളും വിവിധ കാലിബറുകളിലുള്ള വൻ വെടിയുണ്ടാ ശേഖരവും റെയ്ഡിൽ പിടിച്ചെടുത്തു.



