ദമാം- റിയാദിലും കിഴക്കന്‍ സൗദിയിലും ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി ഇന്ന് പുലര്‍ച്ചെ അറിയിച്ചു. റിയാദില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്തു. കിഴക്കന്‍ സൗദിയില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ വിക്ഷേപിച്ച രണ്ടു ഡ്രോണുകളും ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്തു.
തകര്‍ന്ന മിസൈല്‍, ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിയാദ് ലക്ഷ്യമാക്കി ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി കണ്ടെത്തിയ ഉടന്‍ നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി റിയാദ് നിവാസികള്‍ക്ക് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മിസൈലുകള്‍ തകര്‍ത്തതിന് പിന്നാലെ അപകട സാധ്യത നീങ്ങിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഇന്നലെ വൈകീട്ട് റിയാദിലും ദക്ഷിണ സൗദിയിലും രണ്ടു ഡ്രോണുകളും തടഞ്ഞ് തകര്‍ത്തിരുന്നു.



