ന്യൂയോര്‍ക്ക്– ന്യൂയോര്‍ക്ക് സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്യാന്‍ സൊഹ്റാന്‍ ഉപയോഗിച്ചത് മംദാനി മൂന്ന് ഖുര്‍ആന്‍ കോപ്പികള്‍. പാരമ്പര്യമായി കുടുംബത്തിന് ലഭിച്ച രണ്ടു ഖുര്‍ആന്‍ കോപ്പികളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൈയെഴുത്തുപ്രതിയുമാണ് മംദാനി സത്യപ്രതിജ്ഞക്ക് ഉപയോഗിച്ചത്. ന്യൂയോര്‍ക്ക് സിറ്റി ഹാളിന് താഴെയുള്ള നിര്‍ത്തലാക്കപ്പെട്ട സബ്വേ സ്റ്റേഷനില്‍ നടന്ന സ്വകാര്യ അര്‍ധരാത്രി ചടങ്ങിനിടെ, മംദാനി രണ്ട് ഖുര്‍ആനുകളില്‍ കൈ വെച്ചു. ഇതില്‍ ഒന്ന് മുത്തച്ഛന്റെ വകയും രണ്ടാമത്തെത് ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ ഷോംബര്‍ഗ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ബ്ലാക്ക് കള്‍ച്ചറിലെ ശേഖരത്തിന്റെ ഭാഗമായ 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലോ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഉള്ള പോക്കറ്റ് വലുപ്പത്തിലുള്ള ഖുര്‍ആനുമായിരുന്നു. പുതുവത്സര ദിനത്തില്‍ സിറ്റി ഹാളില്‍ നടന്ന പൊതു സത്യപ്രതിജ്ഞാ ചടങ്ങില്‍, മംദാനി തന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ഖുര്‍ആനുകളുമാണ് സത്യപ്രതിജ്ഞക്ക് തിരഞ്ഞെടുത്തത്.
34-ാം വയസുകാരകനായ മംദാനി ന്യൂയോര്‍ക്ക് നഗരത്തിലെ ആദ്യത്തെ മുസ്‌ലിം മേയറും ദക്ഷിണേഷ്യന്‍ വംശജരില്‍ പെട്ട ആദ്യത്തെ മേയറും ആഫ്രിക്കയില്‍ ജനിച്ച ആദ്യത്തെ മേയറുമാണ്. നഗരത്തിലെ മിക്ക മേയര്‍മാരും ബൈബിളില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കിലും ഭരണഘടന പ്രകാരം സത്യപ്രതിജ്ഞക്ക് ഒരു മതഗ്രന്ഥത്തിന്റെയും ഉപയോഗം ആവശ്യമില്ല.
ഷോംബര്‍ഗ് സെന്ററില്‍ നിന്നുള്ള ചരിത്രപരമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഖുര്‍ആന്‍ കൈയെഴുത്തുപ്രതി പ്രത്യേക പ്രതീകാത്മകത പുലര്‍ത്തുന്നു ചെറിയ ഖുര്‍ആനാണ്. ഇത് ന്യൂയോര്‍ക്ക് നഗര ചരിത്രത്തിലെ വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും ഘടകങ്ങള്‍ ഒരുമിച്ച് കൊണ്ടുവരുന്നതായും നഗരത്തിലെ മുസ്‌ലിം സമൂഹങ്ങളുടെ വൈവിധ്യത്തെയും വ്യാപ്തിയെയും ഇത് പ്രതിഫലിപ്പിക്കുന്നതായും ലൈബ്രറിയുടെ മിഡില്‍ ഈസ്റ്റേണ്‍ ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് ക്യൂറേറ്ററായ ഹിബ ആബിദ് പറഞ്ഞു.
ആഫ്രിക്കന്‍ വംശജരുടെ ആഗോള സംഭാവനകള്‍ രേഖപ്പെടുത്തിയ കൃതികളുടെ ശേഖരമുള്ള കറുത്ത വംശജനായ പ്യൂര്‍ട്ടോ റിക്കന്‍ ചരിത്രകാരനായ അര്‍തുറോ ഷോംബര്‍ഗാണ് ഈ ഖുര്‍ആന്‍ കൈയെഴുത്തുപ്രതി സ്വന്തമാക്കിയത്. ഖുര്‍ആന്‍ എങ്ങിനെ ലഭിച്ചുവെന്ന് വ്യക്തമല്ലെങ്കിലും, അമേരിക്കയിലും ആഫ്രിക്കയിലുടനീളവും ഇസ്‌ലാമും കറുത്ത സംസ്‌കാരങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളിലുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു.
അലങ്കരിച്ച രാജകീയ കൈയെഴുത്തുപ്രതികളില്‍ നിന്ന് വ്യത്യസ്തമായി, ഈ ഖുര്‍ആന്‍ കോപ്പി രൂപകല്‍പ്പനയില്‍ എളിമയുള്ളതാണ്. ലളിതമായ പുഷ്പ പതക്കത്തോടുകൂടിയ ആഴത്തിലുള്ള ചുവന്ന തുകലില്‍ ബന്ധിപ്പിച്ച് കറുപ്പും ചുവപ്പും മഷിയില്‍ എഴുതിയിട്ടുണ്ട്. ഇതിന്റെ ലളിതവും വായിക്കാന്‍ എളുപ്പമുള്ളതുമായ ലിപി സൂചിപ്പിക്കുന്നത് ഇത് ദൈനംദിന ഉപയോഗത്തിന് വേണ്ടിയുള്ളതായിരുന്നു എന്നാണ്. ഈ ഖുര്‍ആനിന്റെ പ്രാധാന്യം ആഡംബരത്തിലല്ല, മറിച്ച് പ്രാപ്യതയിലാണെന്ന് ഹിബ ആബിദ് പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ ചരിത്രപ്രസിദ്ധമായ ഖുര്‍ആന്‍ പൊതു പ്രദര്‍ശനത്തിന് വെക്കും.



