കയ്റോ: ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 27 കാരിയായ ഈജിപ്ഷ്യൻ യുവതി കൊല്ലപ്പെട്ടു. പടിഞ്ഞാറൻ അലക്സാണ്ട്രിയയിലെ അഗാമിയിലുള്ള ഹനോവില്ലെ കാനറി ബീച്ചിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 17 കാരനായ ബീച്ച് തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.
കടലിനടുത്ത് ഇരിക്കുന്നതിനെച്ചൊല്ലി യുവതിയുടെ 15 കാരനായ സഹോദരനും ബീച്ച് തൊഴിലാളിയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. കൈയാങ്കളിയിലേക്ക് നീങ്ങിയ തർക്കം പരിഹരിക്കാൻ യുവതി ഇടപെട്ടപ്പോൾ, പ്രതി യുവതിയെ മുടിയിൽ പിടിച്ച് നെഞ്ചിൽ തള്ളിവീഴ്ത്തുകയും തുടർന്ന് ബീച്ച് കുടയുടെ മരത്തടി ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പ്രോസിക്യൂഷൻ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതിയെ വൈദ്യപരിശോധനയ്ക്കും ലഹരിപരിശോധനയ്ക്കും വിധേയനാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
ദുരന്തത്തെത്തുടർന്ന്, ബീച്ചിന്റെ കരാറുകാരനുമായുള്ള കരാർ റദ്ദാക്കാൻ അലക്സാണ്ട്രിയ ഗവർണറേറ്റ് നടപടി തുടങ്ങി. നഗരത്തിലെ എല്ലാ ബീച്ചുകളിലും നിരീക്ഷണം ശക്തമാക്കാനും ജീവനക്കാരുടെ പശ്ചാത്തലവും ക്രിമിനൽ റെക്കോർഡുകളും പരിശോധിച്ച ശേഷം മാത്രം ജോലിക്ക് അനുമതി നൽകാനും ഗവർണർ അഹമ്മദ് ഖാലിദ് ഹസ്സൻ സഈദ് ഉത്തരവിട്ടു. ലംഘനങ്ങൾ നടത്തുന്ന കരാറുകാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.







