സൗൾ– ഉക്രെയ്നിൽ റഷ്യ നടത്തുന്ന സൈനിക നടപടികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. റഷ്യയുടെ പോരാട്ടം പാവനമായ യുദ്ധമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മോസ്കോയുടെ വിജയത്തിനായി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. കഴിഞ്ഞ ദിവസം ഉത്തര കൊറിയ സന്ദർശിച്ച റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവുമായുള്ള കൂടിക്കാഴ്ചയിലാണ് കിം തന്റെ നിലപാട് വ്യക്തമാക്കിയത്. റഷ്യയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാനുള്ള എല്ലാ നീക്കങ്ങൾക്കും ഉത്തര കൊറിയ ഒപ്പമുണ്ടാകുമെന്ന് കിം ഉറപ്പുനൽകിയതായി ഉത്തര കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ച് പ്രതിനിധി സംഘങ്ങൾ ചർച്ച നടത്തി. 2027 മുതൽ 2031 വരെയുള്ള കാലയളവിൽ വിപുലമായ സൈനിക സഹകരണ കരാറിൽ ഒപ്പിടാൻ മോസ്കോ തയ്യാറാണെന്ന് ബെലോസോവ് അറിയിച്ചു. നിലവിൽ ഉക്രെയ്ൻ യുദ്ധത്തിനായി മിസൈലുകളും വെടിക്കോപ്പുകളും ആയിരക്കണക്കിന് സൈനികരെയും ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന് പകരമായി സാമ്പത്തിക സഹായം, സൈനിക സാങ്കേതികവിദ്യ, ഭക്ഷണം, ഊർജ്ജം എന്നിവ റഷ്യ ഉത്തര കൊറിയയ്ക്ക് നൽകുന്നതായാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.
ഉക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഉത്തര കൊറിയൻ സൈനികർക്കായി നിർമ്മിച്ച സ്മാരക സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിലും കിം ജോങ് ഉൻ പങ്കെടുത്തു. സൈനികരുടെ വീരമൃത്യുവിനെ പ്രകീർത്തിച്ച കിം, യുദ്ധത്തിൽ മരിച്ച ഒരു സൈനികന്റെ ഭൗതികാവശിഷ്ടം സംസ്കരിക്കുന്ന ചടങ്ങിലും ഭാഗമായി. വെടിക്കെട്ടും വ്യോമസേനാ പ്രകടനങ്ങളും ഉൾപ്പെടെ വലിയ പരിപാടികളോടെയായിരുന്നു സ്മാരകത്തിന്റെ ഉദ്ഘാടനം.



