ദമാം- 2026-ലെ മീഡ് പ്രോജക്ട് അവാർഡുകളിൽ ഇരട്ട നേട്ടവുമായി സൗദി റോഡ്‌സ് ജനറൽ അതോറിറ്റി. അതോറിറ്റി നടപ്പാക്കിയ സഫ്വ-റഹീമ (കടൽ പാലം) പദ്ധതി, ദേശീയ തലത്തിലും മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക (മെന) മേഖലയിലും മികച്ച റോഡ് പ്രോജക്ടിനുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കി. പ്രാദേശിക തലത്തിൽ സൗദി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മികവ് അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം.
കിഴക്കൻ പ്രവിശ്യയിലെ സഫ്വയെയും റാസ് തന്നൂറയെയും ബന്ധിപ്പിക്കുന്ന 15 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണിത്. രാജ്യത്തെ ഏറ്റവും നീളമുള്ള കടൽ പാലങ്ങളിലൊന്നായ 3.2 കിലോമീറ്റർ നീളമുള്ള ഇരട്ട കടൽ പാലവും ഇതിൽ ഉൾപ്പെടുന്നു. റാസ് തന്നൂറ ഗവർണറേറ്റും സഫ്വ നഗരവും തമ്മിലുള്ള ഗതാഗതം സുഗമമാക്കാനും യാത്രാസമയം കുറയ്ക്കാനും പദ്ധതി സഹായിക്കുന്നു. കൂടാതെ, റാസ് തന്നൂറ തുറമുഖത്തെ വിതരണ ശൃംഖലകൾക്ക് അധിക പ്രവേശന കവാടം നൽകുന്നതിലൂടെ മേഖലയിലെ ലോജിസ്റ്റിക് സേവനങ്ങൾക്കും സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഇത് വലിയ ഉണർവേകുന്നുണ്ട്.
അതോറിറ്റി ജീവനക്കാരുടെയും പങ്കാളികളുടെയും കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് റോഡ്‌സ് ജനറൽ അതോറിറ്റി വ്യക്തമാക്കി. എൻജിനീയറിംഗ്-ഡിസൈൻ മികവ്, സാങ്കേതിക നവീകരണം, പ്രോജക്ട് മാനേജ്‌മെന്റ്, സുസ്ഥിരത, സാമൂഹിക-സാമ്പത്തിക സ്വാധീനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്‌കാര നിർണ്ണയം നടന്നത്.
മഷ്‌രിഖ് ബാങ്കുമായി സഹകരിച്ച് മീഡ് സംഘടിപ്പിച്ച 16-ാമത് അവാർഡിൽ 9 രാജ്യങ്ങളിൽ നിന്നായി ദേശീയ തലത്തിൽ വിജയിച്ച 73 പദ്ധതികളാണ് 17 വിഭാഗങ്ങളിലായി പ്രാദേശിക മത്സരത്തിൽ മാറ്റുരച്ചത്.



